‘2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കും’: ഛത്തീസ്ഗഡിൽ അമിത് ഷായുടെ പ്രഖ്യാപനം
Mail This Article
റായ്പുർ∙ 2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാൻ ഛത്തീസ്‌ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞ വർഷം മവോയിസ്റ്റുകൾക്കെതിരായ ദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡിലെ റായ്പുരിൽ രാഷ്ട്രപതിയുടെ പൊലീസ് കളർ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
‘‘മവോയിസത്തിൽനിന്നു ഛത്തീസ്‌ഗഡ് മോചിതമായാൽ മുഴുവൻ രാജ്യത്തിനും അതു ഗുണം ചെയ്യും.’’– അമിത് ഷാ പറഞ്ഞു. മവോയിസ്റ്റുകൾക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളെയും അദ്ദേഹം പരാമർശിച്ചു. മവോയിസ്റ്റുകളോട് ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു.