ADVERTISEMENT

ബെംഗളൂരു∙ വിവാഹമോചനത്തിന് മൂന്നു കോടിരൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റിൽ. അതുൽ സുഭാഷ് (34) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നികിത, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരൻ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. നികിതയെ ഗുരുഗ്രാമിൽനിന്നും അമ്മയെയും സഹോദരനെയും അലഹബാദിൽനിന്നുമാണ് അറസ്റ്റു ചെയ്തത്. നികിതയുടെ അമ്മാവൻ സുശീലും കേസിൽ പ്രതിയാണ്.

ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഭാര്യവീട്ടുകാരുടെ പീഡനങ്ങൾ വിവരിച്ച് മരിക്കുന്നതിനു മുൻപ് 80 മിനിട്ട് വിഡിയോയും അതുൽ പുറത്തുവിട്ടിരുന്നു. നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാർഡ് ഇയാളുടെ മുറിയിൽനിന്നു കണ്ടെത്തി. ഭാര്യ, കുടുംബാംഗങ്ങൾ, ഒരു ജഡ്ജി എന്നിവർക്കെതിരെയാണ് വിഡിയോയിൽ അതുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ഇയാൾ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യ റജിസ്റ്റർ ചെയ്ത കേസിൽ തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും വിഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

2019ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് അതുൽ പങ്കാളിയെ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. ഭാര്യ വീട്ടുകാർ പലപ്പോഴായി പണം ആവശ്യപ്പെട്ടെന്നും, കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചെന്നും അതുൽ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഭാര്യ പിണങ്ങി കുട്ടിയുമായി അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ തനിക്കെതിരെ ഇവർ റജിസ്റ്റർ ചെയ്തതായും അതുൽ വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, അതുൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദത്തിൽ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതായാണ് യുവതി ആരോപിക്കുന്നത്. 

English Summary:

Bengaluru IT employee Suicide Case: Family members of Bengaluru IT employee Atul Subhash, who died by suicide, have been arrested for abetment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com