വാട്സാപ് ചാറ്റിലൂടെ തുടക്കം; ചെറിയ ലാഭം നൽകി അടുപ്പം, പിന്നെ അരക്കോടി തട്ടിച്ചു; ഒരാൾ അറസ്റ്റിൽ
Mail This Article
കൊച്ചി∙ ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി(49)നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്സാപ് വഴി ചാറ്റ് ചെയ്താണ് തട്ടിപ്പുകാർ കറുകുറ്റി സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇവർ അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ഘട്ടം കഴിയുന്തോറും നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു ഓഫർ. തുടക്കത്തിൽ ചെറിയ തുകകളാണ് നിക്ഷേപിച്ചത്. അതിന് കൃത്യമായ ലാഭവിഹിതം നൽകിയിരുന്നു. പല അക്കൗണ്ടുകൾ വഴിയാണ് ലാഭമെന്ന പേരിൽ പണം നൽകുന്നത്. ഇങ്ങനെ നൽകുന്നത് ഇതുപോലെ തട്ടിപ്പിനിരയാകുന്നവർ നിക്ഷേപിക്കുന്ന തുകയായിരുന്നു. വിശ്വാസമായതോടെ കൂടുതൽ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ ലാഭവും ആപ്പിലെ ഡിസ്പ്ലേയിൽ കാണിച്ചുകൊണ്ടിരുന്നു. പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടത്. ഇതോടെ തട്ടിപ്പുമനസ്സിലാകുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 56,50,000 രൂപയാണ് നഷ്ടപ്പെട്ടത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബൈയിൽ 4 കേസുകളുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.