ADVERTISEMENT

ന്ധ്യയോടെ തിരക്കൊഴിയുന്ന നിരത്തുകളിലൂടെ കടല കൊറിച്ചു നടക്കാറുള്ള കോട്ടയത്തുകാർക്കു രാത്രികളിൽ ആഘോഷിക്കാനും ഒത്തുചേരാനും ലോകോത്തരമായ ഒരിടം കിട്ടിയിരിക്കുന്നു; ലുലു മാൾ. അതിന്റെ സന്തോഷം നഗരത്തിലെങ്ങും കാണാം. എല്ലാ വഴികളും റോമിലേക്ക് എന്നുപറയുന്ന പോലെ, എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി ഒറ്റ ദിവസംകൊണ്ടു മണിപ്പുഴയിലെ ലുലു മാൾ മാറി. പല വഴികളിലൂടെ വരുന്ന എല്ലാവരുടെയും ലക്ഷ്യം ലുലുവാണ്. കുഞ്ഞുമക്കളും ചെറുപ്പക്കാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉൾപ്പെടെ കുടുംബസമേതം മാളിലേക്കു വച്ചുപിടിച്ചു. മാൾ തുറന്നതു ഒരു പരസ്യം പോലുമില്ലാതെ നാട്ടുകാരെല്ലാവരും പറഞ്ഞറിഞ്ഞു. ആദ്യദിവസം തന്നെ കാണണമെന്ന വാശിയിൽ ജനം നാനാദിക്കിൽനിന്നും ഒഴുകിയെത്തി. ശനിയും ഞായറുമായി മാളിൽ എത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതോടെ ലുലു മാൾ കോട്ടയത്തും സൂപ്പർഹിറ്റ്..!

‘എന്നാ ഉവ്വേ..?’ എന്നതാണു കോട്ടയത്തിന്റെ സ്ഥിരം കുശലച്ചോദ്യം. ‘ഓ, എന്നാ പറയാനാ..?’ എന്ന ചോദ്യത്തിൽ മറുപടി തീരും. ആ പതിവ് മാറുകയാണ്. ചോദിക്കാനും പറയാനുമുള്ള വിശേഷമായി ലുലു മാൾ മാറി. ‘ഞങ്ങള് മാൾ കണ്ടു, നിങ്ങള് പോകുന്നില്ലേ..?’ എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇങ്ങനെ നല്ലൊരു മാളിനായി കാലങ്ങളായി കാത്തിരിക്കുകയായിരുന്നു കോട്ടയം എന്നു തോന്നും, അത്രയ്ക്കാണു തിരക്ക്. ഉത്സവപ്പറമ്പു പോലെ ജനം തിക്കിത്തിരക്കുന്നു. നമ്മുടെ സ്വന്തം എന്നപോലെ മാളിലും പരിസരത്തും ചുറ്റിക്കറങ്ങുന്നു. പല പോസിൽ ഫോട്ടോകളും റീൽസും എടുത്ത് ‘എന്താ വൈബ്’ എന്ന് ചെറുപ്പക്കാർ ലൈക്കടിക്കുന്നു. ഏതു തലമുറയ്ക്കും വേണ്ടതെല്ലാം മനോഹരമായി ഒരുക്കി ലുലു മാടി വിളിക്കുകയാണ്, പോകാതിരിക്കുന്നത് എങ്ങനെയെന്നു തോന്നിപ്പിക്കുന്ന മാജിക്.

ലുലു മാളിലെത്തിയ ജോഷിയും മകൾ ജുവലും. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ
ലുലു മാളിലെത്തിയ ജോഷിയും മകൾ ജുവലും. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

ചങ്ങനാശേരിയിൽ നിന്നെത്തിയതാണു വ്യവസായി ജോഷിയും നാലാം ക്ലാസുകാരി മകൾ ജുവലും. ‘‘നേരത്തേ ഞാൻ ഗൾഫിലായിരുന്നു. അവിടത്തെ അതേ നിലവാരമുള്ള മാളാണ് ഇവിടെ. ഓഫറുകളും ഇഷ്ടംപോലെ. ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ കിട്ടുമെന്നതാണു നേട്ടം. ഞങ്ങൾ രണ്ടാളും ആദ്യ ദിവസത്തെ പൾസറിയാൻ വന്നതാണ്. അടുത്തദിവസം മുഴുവൻ കുടുംബത്തെയും കൂട്ടി വരും. കൊച്ചിയിലും തിരുവനന്തപുരത്തും മാത്രം ഉണ്ടായിരുന്ന ഷോപ്പിങ് അനുഭവം കോട്ടയത്തും കിട്ടുമെന്നതിൽ സന്തോഷം.’’– ജോഷി മനോരമ ഓൺലൈനോടു പറഞ്ഞു. എറണാകുളത്ത് ഒരു കമ്പനിയിൽ മാനേജരായ കോട്ടയം സ്വദേശി ജോസഫ് കുടുംബസമേതമാണ് എത്തിയത്. ഭാര്യ മറിയം, മക്കളായ ഇവാൻ, ഇവാനിയ, അപ്പച്ചൻ ജേക്കബ്, സഹോദരി സഞ്ജു എന്നിവരാണ് ഒപ്പം. ‘‘നാട്ടിൽ ഇതുപോലൊരു സംരംഭം വരുമ്പോൾ നമ്മൾ ആദ്യമേ വന്നു പ്രോത്സാഹിപ്പിക്കണ്ടേ’’ എന്നായിരുന്നു മറിയത്തിന്റെ കമന്റ്. ഇനി ഷോപ്പിങ്ങിനു മറ്റെവിടെയും പോകേണ്ടല്ലോ എന്നും കൂട്ടിച്ചേർത്തു.

ലുലു മാളിലെത്തിയ ജോസഫും കുടുംബവും. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ
ലുലു മാളിലെത്തിയ ജോസഫും കുടുംബവും. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

350 കോടി രൂപ ചെലവിൽ 3.22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണു കോട്ടയം ലുലു മാൾ ആരംഭിച്ചത്. 1.4 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലാണ് ആധുനിക നിലവാരവും മികച്ച സൗകര്യങ്ങളുമുള്ള ഹൈപ്പർമാർക്കറ്റ്. 2 നിലയുള്ള ലുലു മാളിന്റെ താഴത്തെ നിലയിലുള്ള ഹൈപ്പർമാർക്കറ്റിലാണു ജനം ഇടിച്ചുകയറുന്നത്. യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ചൈനയും ജപ്പാനും ഉൾപ്പെടുന്ന കിഴക്കനേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം. നേരെ ചൂടാക്കി കഴിക്കാവുന്ന വിഭവങ്ങളുടെ നീണ്ട നിര. മുന്തിയ ഒട്ടുമിക്ക ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷൻ. ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ ശേഖരവുമായി ലുലു കണക്ട്. ലുലുവിന്റെ തന്നെ ബ്ലഷ്, ഐ എക്സ്പ്രസ് എന്നിവയാണു സുഗന്ധവിഭാഗവും ഫാഷൻ കണ്ണട വിഭാഗവും സജ്ജമാക്കിയത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി ലുലുവിന്റെ കേക്ക്, വൈൻ, സാന്റാക്ലോസ്, ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ള അലങ്കാര വസ്തുക്കളുമുണ്ട്. ഹൈപ്പർമാർക്കറ്റിൽ തിരക്കു കുറയ്ക്കാനായി 23 ബില്ലിങ് കൗണ്ടറുകൾ.

lulu-hypermarket-kottayam
ലുലു മാളിലെ തിരക്ക്. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

23 പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകളിലും കച്ചവടം തകൃതിയാണ്. 500 പേർക്ക് ഇരിക്കാവുന്ന ഫൂഡ് കോർട്ടിൽ ഇരിക്കാനിടമില്ലാത്തത്ര തിരക്ക്. ഒരു മേശയ്ക്കു ചുറ്റും വർത്തമാനം പറഞ്ഞിരിക്കുന്ന എൻജിനീയറിങ് വിദ്യാർഥികളുടെ സംഘത്തോട് അഭിപ്രായം ചോദിച്ചു. ‘‘ഇതു പോലൊരിടം കോട്ടയത്ത് അത്യാവശ്യമായിരുന്നു. വെറൈറ്റി ഭക്ഷണങ്ങൾ രുചിക്കാം. ഫൂഡ് കോർട്ടിൽനിന്നുള്ളതും ഹൈപ്പർമാർക്കറ്റിൽനിന്നു വാങ്ങിയതും ഇവിടെവച്ച് കഴിക്കാം. മൊത്തത്തിൽ കളർഫുൾ വൈബ് ആണ്. ഷോപ്പിങ്ങിന് ഇനി വേറെവിടെയും പോകേണ്ട’’– ആരോൺ, അഭിജിത്, രോഹിത്, ജോബെൽ, അർജുൻ എന്നീ സുഹൃത്‌സംഘം പറഞ്ഞു. അടുത്തദിവസം തന്നെ കുടുംബവുമായി എത്താനാണ് ഇവരുടെ പദ്ധതി.

ലുലു മാളിലെ ഫൂഡ് കോർട്ട് ആസ്വദിക്കുന്ന എൻജിനീയറിങ് വിദ്യാർഥികൾ. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ
ലുലു മാളിലെ ഫൂഡ് കോർട്ട് ആസ്വദിക്കുന്ന എൻജിനീയറിങ് വിദ്യാർഥികൾ. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

നാടനിലും വിദേശിയിലും ഒരുപാട് വ്യത്യസ്ത വിഭവങ്ങളുണ്ട്. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും കിട്ടും. തലശ്ശേരി ദം ബിരിയാണി, ഹൈദരാബാദി ദം ബിരിയാണി, ചില്ലി മോമോസ്, കുട്ടനാടൻ ഡക്ക് റോസ്റ്റ്, മീൻ മാങ്ങാക്കറി, ബീഫ് ഉള്ളിയും മുളകും, വിവിധതരം ചിക്കൻ കറികൾ, ഫ്രൈഡ് ചിക്കൻ, ചൈനീസ് വിഭവങ്ങൾ... തുടങ്ങിയവയ്ക്കാണു കൂടുതൽ ആവശ്യക്കാർ. എല്ലാം തത്സമയം, ചൂടോടെ, ഉടനടി കിട്ടും. തയ്‌വാനിൽനിന്ന് ഇറക്കുമതി ചെയ്ത ബോബ സീഡ്‌സ് ഉപയോഗിച്ചു തയാറാക്കുന്നതും മിൽക്ക് ഷേക്ക് പോലുള്ളതുമായ ബബ്ൾ ടീ ‘നോർത്ത് എക്സ്‌‍‌പ്രസിലെ’ ചൂടൻ വിഭവമാണ്. പാഷൻ ഫ്രൂട്ട്, ഗ്രീൻ ആപ്പിൾ, മാംഗോ, സ്ട്രോബറി, വനില കരാമൽ തുടങ്ങിയ വെറൈറ്റികളിൽ കിട്ടുന്ന ബബ്ൾ ടീക്ക് ആവശ്യക്കാരേറെ. കാപ്പി-ചായ പ്രേമികൾക്കുള്ള ‘ദ് കോഫി കപ്പും’ ഹിറ്റാണ്.

lulu-mall-funtura-kottayam
ഫൺടൂറ. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

ലുലു മാൾ എന്നു പറഞ്ഞാൽ കുട്ടികൾക്ക് ‘ഫൺടൂറ’ ആണ്. 250ലേറെ കുട്ടികൾക്ക് ഒരേസമയം കളിക്കാനായി 9000 ചതുരശ്ര അടിയിൽ ഒരുക്കിയ വിനോദകേന്ദ്രം. 2 വയസ്സ് കഴിഞ്ഞ കുട്ടികൾക്കും കുട്ടിമനസ്സുള്ള മുതിർന്നവർക്കും ഇഷ്ടം പോലെ റൈഡുകൾ. കാർണിവൽ തീമിലാണ് ഉൾവശം. വിഡിയോ ഗെയിമുകൾക്കും വാഹന റൈഡുകൾക്കും നീണ്ട ക്യൂ. ഏതു ലുലു മാളിലെയും ‘ഫൺടൂറ’ കാർഡ് സ്വീകരിക്കും. പുതിയ കാർഡിന് 5 വർഷമാണു കാലാവധി. ഒരേ കാർഡ് ഒന്നിലേറെ പേർക്ക് ഉപയോഗിക്കാം. ആദ്യ ദിവസം അയ്യായിരത്തിലേറെ പുതിയ കാർഡാണു നൽകിയത്. ഉദ്ഘാടനം പ്രമാണിച്ച് ഓഫറുണ്ട്, ഇതു തിരക്കിന് അനുസരിച്ച് പുതുക്കും. 2000 രൂപയ്ക്കുള്ള കാർഡിനാണു ഡിമാൻഡ്. നികുതി ഉൾപ്പെടെ 2360 രൂപ അടച്ചാൽ 4000 രൂപയ്ക്കുള്ള ഗെയിമുകൾ കിട്ടും. ബാങ്ക് ജീവനക്കാരനായ ഷോണും ത്രിഡി ഡിസൈനറായ ഭാര്യ അഷിലയും 3 വയസ്സുള്ള മകൻ ഡേവിഡും തെങ്ങണയിൽനിന്നാണു വന്നത്. കുഞ്ഞുമായി 3 മണിക്കൂറോളം ചെലവിട്ടിട്ടും മടുത്തില്ലെന്നും ഷോപ്പിങ് ബാക്കിയാണെന്നും അഷിലയുടെ പ്രതികരണം. ലുലുവിന്റെ മറ്റു മാളുകളിൽ പോകാറുണ്ടെന്നും ഇനി തൊട്ടടുത്തുണ്ടല്ലോ എന്നതിൽ സന്തോഷമാണെന്നും ഇരുവരും പറഞ്ഞു. 

ഫൺടൂറയിൽ മകൻ ഡേവിഡിനൊപ്പം ഷോണും അഷിലയും. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ
ഫൺടൂറയിൽ മകൻ ഡേവിഡിനൊപ്പം ഷോണും അഷിലയും. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

‘‘ഹൈപ്പർ മാർക്കറ്റിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. പഞ്ചസാരയോ ഹെയർ ക്രീമോ വെളിച്ചെണ്ണയോ അരിയോ തുടങ്ങി ഏതു സാധനത്തിനായാലും പല ബ്രാൻഡുകളുണ്ട്. വിലയും ഗുണവും താരതമ്യം ചെയ്തു വാങ്ങാം. ഇറക്കുമതി ചെയ്തു സാധനങ്ങൾ വാങ്ങാനാണു കൂടുതൽ ആവശ്യക്കാർ. ഇതിൽ പഴങ്ങളും നട്സും എല്ലാമുണ്ട്. ഓസ്ട്രേലിയയിലെ ഓറഞ്ച് നേവൽ, ദക്ഷിണാഫ്രിക്കയിലെ പിയേഴ്സ് ഫോറെല്ലെ, മാൻഡരിൻ, തുർക്കിയിലെ ഗ്രീൻ ആപ്പിൾ, സെർബിയയിലെ റോയൽ ഗാല ആപ്പിൾ തുടങ്ങിയവ വില നോക്കാതെ ആളുകൾ വാങ്ങുന്നു. ഹോട്ട് ഫൂഡിലെ എല്ലാ വിഭവങ്ങൾക്കും ആവശ്യക്കാരുണ്ട്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ എന്നിവ ഫ്രെഷ്നസോടെയാണു നൽകുന്നത്. ആളുകൾ തൊട്ടുനോക്കി പാടുകൾ വരുന്ന പഴങ്ങളും പച്ചക്കറികളും അപ്പപ്പോൾ മാറ്റി പുതിയതു വയ്ക്കും. ആയിരത്തിലേറെ കാറുകൾക്കു പാർക്ക് ചെയ്യാം. തിരക്ക് പരിഗണിച്ചു കൂടുതൽ സ്ഥലങ്ങളിലും പാർക്കിങ്ങിനു സൗകര്യമുണ്ട്. കോട്ടയം ടൗൺ, ചങ്ങനാശേരി, പാലാ, തിരുവല്ല, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണു കൂടുതൽ പേരെത്തിയത്. കുടുംബങ്ങളെപ്പോലെ ധാരാളം ചെറുപ്പക്കാരും വരുന്നു. എത്ര പേർ വന്നാലും ഉൾക്കൊള്ളാൻ സൗകര്യമുണ്ട്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തന സമയം. നിലവിൽ പാർക്കിങ് ഫീസില്ല’’– മാർക്കറ്റിങ് മാനേജർ നിഖിൽരാജ് വ്യക്തമാക്കി.

ലുലു മാളിലെ തിരക്ക്. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ
ലുലു മാളിലെ തിരക്ക്. ചിത്രം: പി.സനിൽകുമാർ / മനോരമ ഓൺലൈൻ

എൽഇഡി ടിവിയും വാഷിങ് മെഷീനും റഫ്രിജറേറ്ററും ഗ്യാസ് സ്റ്റൗവും മിക്സിയും എയർഫ്രയറും ഇസ്തിരിപ്പെട്ടിയും സീലിങ് ഫാനും അടക്കം 1.06 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ വെറും 49,999 രൂപയ്ക്കു വേണോ? അതല്ല, 6000 മുതൽ 3 ലക്ഷം വരെയുള്ള ടിവി 1 രൂപയ്ക്കു വാങ്ങി പിന്നീട് തവണകളായി അടയ്ക്കണോ? ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉണ്ടെങ്കിൽ ഏത് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും 10,000 രൂപ വരെ കാഷ് ബാക്ക് വേണോ? ഇങ്ങനെ ഓഫറുകളുടെ പെരുമഴയാണ് ഇവിടെ. ലുലുവിന്റെ കവാടത്തിനടുത്തുള്ള കെട്ടിടത്തിലെ സിനിമാ പോസ്റ്ററിൽ ‘ഞെട്ടിയില്ലേ അദ്ദാണ്..!’ എന്നൊരു പരസ്യവാചകം കാണാം. ശരിക്കും ഞെട്ടിച്ചത് ലുലു മാളാണ്; അത്രമേൽ വേഗത്തിൽ ഹൃദയത്തിലേറ്റി നാട്ടുകാരും ഞെട്ടിച്ചു.

കോട്ടയം ലുലു മാളിലെ തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
കോട്ടയം ലുലു മാളിലെ തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
കോട്ടയം ലുലു മാളിലെ തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
കോട്ടയം ലുലു മാളിലെ തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
കോട്ടയം ലുലു മാളിലെ തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
കോട്ടയം ലുലു മാളിലെ തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
English Summary:

Lulu Magic at Kottayam: Lulu Mall Kottayam has quickly become the city's hottest destination, offering a world-class shopping and entertainment experience. With a sprawling hypermarket, diverse food court, and exciting entertainment options like Funtura, Lulu Mall caters to all ages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com