ബിജെപി– 19, ശിവസേന– 11, എൻസിപി– 9; ഫലമറിഞ്ഞ് 23–ാം ദിവസം മഹാരാഷ്ട്രയ്ക്ക് മന്ത്രിമാർ
Mail This Article
മുംബൈ∙ സർക്കാർ രൂപീകരണത്തിനു പത്തു ദിവസത്തിനു ശേഷം മഹാരാഷ്ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേർ ബിജെപിയിൽ നിന്നും 11 പേർ ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്നും 9 പേർ എൻസിപി വിഭാഗത്തിൽ നിന്നുമുള്ളവരാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 33 പേർക്ക് കാബിനറ്റ് പദവി ലഭിച്ചപ്പോൾ ആറു പേർ സഹമന്ത്രിമാരാണ്.
രാധാകൃഷ്ണ വിഖെ പാട്ടിൽ, ചന്ദ്രകാന്ത് പാട്ടിൽ, ആശിഷ് ഷെലാർ, പങ്കജ് മുണ്ടെ, ഗണേഷ് നായ്ക്, ജയകുമാർ റവൽ, ശിവേന്ദ്രരാജ ഭോസ്‌ലെ, അതുൽ സാവെ, അശോക് രാമാജി, സഞ്ജയ് സാവ്കരെ, ഗിരീഷ് മഹാജൻ, മാധുരി മിസൽ, മേഘ്ന ബോർഡികർ തുടങ്ങിയവരാണ് ബിജെപി മന്ത്രിമാർ. ഷിൻഡെ വിഭാഗത്തിൽനിന്ന് ഉദയ് സാമന്ത്, ഗുലാബ്റാവു പാട്ടീൽ, ദാദാജി ഭൂസെ, സഞ്ജയ് റാത്തോഡ്, സഞ്ജയ് ഷിർസത്ത്, ശംഭുരാജ് ദേശായി, പ്രതാപ് സർനായിക്, പ്രകാശ് അബിത്കർ, ആശിഷ് ജയ്‌സ്വാൾ, ഭാരത്‌സേട്ട് ഗോഗാവാലെ, യോഗേഷ് കദം അജിത് പവാറിന്റെ എൻസിപിയിൽ നിന്ന് ഹസൻ മുഷ്‌രിഫ്, ധനഞ്ജയ് മുണ്ടെ, ദത്താത്രേയ്, അദിതി തത്കരെ, മണിക്രാവു , മകരന്ദ് പാട്ടീൽ, നർഹരി സിർവാൾ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.
തിരഞ്ഞെടുപ്പു ഫലമറിഞ്ഞ് 22 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നതു ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു. വൻവിജയം നേടിയിട്ടും 10 ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും (ബിജെപി) ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും (ശിവസേന) അജിത് പവാറും (എൻസിപി) സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ ആഭ്യന്തരവകുപ്പ് നേടിയെടുക്കാൻ ഷിൻഡെ സമ്മർദം ചെലുത്തിയതാണ് മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കലും വകുപ്പുവിഭജനവും വൈകാൻ ഇടയാക്കിയത്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഫഡ്നാവിസും അജിത് പവാറും ഡൽഹിയിലേക്ക് പോയപ്പോഴും ഷിൻഡെ വിട്ടുനിന്നു.
57 എംഎൽഎമാരുള്ള ഷിൻഡെയ്ക്കു 41 എംഎൽഎമാരുള്ള അജിത് പവാറിനും, മന്ത്രിമാരാകാൻ ആഗ്രഹിക്കുന്ന സ്വന്തം പക്ഷക്കാരിൽ നിന്നു കടുത്ത സമ്മർദവുമുണ്ടായിരുന്നു. തിങ്കളാഴ്ച മുതൽ നാഗ്പുരിൽ നിയമസഭാ ശീതകാല സമ്മേളനം ആരംഭിക്കും.