ADVERTISEMENT

കൊച്ചി ∙ വീട്ടുപ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും അപകടകരമെന്ന ബോധവൽക്കരണം ആരോഗ്യവകുപ്പ് ശക്തമായി നടത്തുമ്പോഴും വെല്ലുവിളിയായി വീട്ടുപ്രസവങ്ങൾ തുടരുന്നു. ചാലക്കുടി മേലൂർ കരുവാപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശിയുടെ ഭാര്യ സ്വയം പ്രസവമെടുത്ത് പൊക്കിൾക്കൊടി മുറിച്ചതിനെ തുടർന്ന് നവജാതശിശു മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നാലര വർഷത്തിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2931 വീട്ടുപ്രസവങ്ങളെന്ന് കണക്ക്. 

നാലര വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മലപ്പുറം ജില്ലയിലാണ്–1337 എണ്ണം. ഏറ്റവും കുറവ് കോട്ടയത്താണ്– 42. വീട്ടുപ്രസവം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണെന്ന ബോധവൽക്കരണങ്ങൾ തദ്ദേശവകുപ്പിന്റെ സഹായത്തോടെ ശക്തമാക്കിയിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ കണക്കുകൾ കാണിക്കുന്നത് ബോധവൽക്കരണം കാര്യമായി ഏശുന്നില്ല എന്നാണ്. വിവരാവകാശ പ്രവർത്തകനായ ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങ്ങിന് വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് കൈമാറിയ കണക്കുകൾ കാണിക്കുന്നതും അതാണ്. ഇതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസത്തിൽ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 200 വീട്ടുപ്രസവം. ഇതിൽ കൂടുതല്‍ മലപ്പുറത്താണ്– 93 എണ്ണം. വയനാട്–15, എറണാകുളം–14, കണ്ണൂർ, ഇടുക്കി–12, കോഴിക്കോട്– 11 എന്നിങ്ങനെയാണ് മറ്റു ജില്ലകൾ. ഏറ്റവും കുറവ് ഈ കാലയളവിൽ ഒരു പ്രസവം രേഖപ്പെടുത്തിയ പത്തനംതിട്ടയും 3 പ്രസവങ്ങൾ ഉണ്ടായ കോട്ടയവുമാണ്. 

മലപ്പുറം ജില്ലയിലെ താനാളൂർ, വളവന്നൂർ, ചെറിയമുണ്ടം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യകേന്ദ്രങ്ങൾ സംബന്ധിച്ച് കഴിഞ്ഞ വർഷം പൊലീസ്, വിജിലൻസ് അന്വേഷണങ്ങൾ നടന്നിരുന്നു. വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു മുതലെടുത്ത് വീടുകളും ആരോഗ്യകേന്ദ്രങ്ങൾ അല്ലാത്ത രഹസ്യ സ്ഥലങ്ങളിലും പ്രസവങ്ങൾ നടക്കുന്നുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്നു എന്നു ചൂണ്ടിക്കാട്ടി താനൂർ സ്വദേശി കൂടിയായ ആരോഗ്യപ്രവർത്തക ഡോ. കെ.പ്രതിഭ സര്‍ക്കാരിന് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ സർക്കാർ നിർദേശിക്കുകയും ചെയ്തിരുന്നു.  

അതിനിടെയാണ്, ചാലക്കുടിയിൽ വീട്ടുപ്രസവത്തിനിടെ നവജാത ശിശുവിന്റെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും വീട്ടുപ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതടക്കമുള്ള സംഭവങ്ങൾ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 2931 വീട്ടുപ്രസവങ്ങളിൽ 1337 എണ്ണവുമായി മലപ്പുറം മുന്നിൽ നിൽക്കുമ്പോൾ 283 എണ്ണവുമായി വയനാടും 200 എണ്ണവുമായി ഇടുക്കിയുമാണ് പിന്നിൽ. പാലക്കാട് – 172, തിരുവനന്തപുരം 132, എറണാകുളം – 119, കോഴിക്കോട് – 104 എന്നിങ്ങനെയാണ് ഈ കാലയളവിൽ നൂറിൽ കൂടുതൽ വീട്ടുപ്രസവങ്ങൾ രേഖപ്പെടുത്തിയ ജില്ലകൾ. 2019–20 ( 467 പ്രസവം), 2020–21 സമയത്ത് (576), 2021–22 (586), 2022–23 (579), 2023–24 (523) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ.

English Summary:

Home Birth Risk: Home births continue to pose a challenge in Kerala despite awareness campaigns. A recent tragedy in Chalakudy highlights the risks associated with Home birth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com