വിഴിഞ്ഞം തുറമുഖം; വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
Mail This Article
തിരുവനന്തപുരം∙ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹാരിസ്ബീരാൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര തുറമുഖ മന്ത്രി രാജ്യസഭയിൽ മറുപടി നൽകി. ഇളവിനായി കേരളം നല്‍കിയ കത്തുകള്‍ നേരത്തെ ഉന്നതാധികാരസമിതി യോഗം പരിശോധിച്ചതാണെന്നും ഇളവ് അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റേത് വിവേചനപരമായ നിലപാടാണെന്നും ഈ നിലപാട് മാറ്റണമെന്നും സംസ്ഥാന തുറമുഖ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ വിജിഎഫ് നിബന്ധനയ്ക്ക് എതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിജിഎഫ് സംസ്ഥാനം പല തവണയായി തിരിച്ചടയ്ക്കണമെന്ന നിബന്ധന പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ നെറ്റ് പ്രസന്റ് വാല്യു (എന്‍പിവി) മാതൃകയില്‍ തിരിച്ചടയ്ക്കാന്‍ 10,000 മുതല്‍ 12,000 കോടിരൂപ വരെ വേണ്ടിവരുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടി.
പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയില്‍ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വിജിഎഫ് അനുവദിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രെസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് അല്ലാതെ വായ്പയായാണ് പണം എന്നത് വിജിഎഫ് വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. ഈ നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.