കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് തകർത്തു; എക്സൈസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച് അബ്കാരി കേസ് പ്രതി
Mail This Article
കൊച്ചി∙ വടക്കൻ പറവൂർ കെടാമംഗലത്ത് എക്സൈസ് ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച് അബ്കാരി കേസ് പ്രതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹനീഷിന്റെ വീട്ടിലാണ് വ്യാജമദ്യ വിൽപ്പനയ്ക്ക് അറസ്റ്റിലായിട്ടുള്ള രാകേഷ് അതിക്രമം കാട്ടിയത്. ആക്രമണത്തിൽ ഹനീഷിന്റെ ഭാര്യ വീണയ്ക്ക് പരുക്കേറ്റു. പ്രതി നോർത്ത് പറവൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ഹനീഷിന്റെ വീട്ടിലെത്തിയ പ്രതി വീടിനു മുന്നിൽ കിടന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു. ഇത് തടയാനെത്തിയ ഹനീഷിന്റെ ഭാര്യയ്ക്ക് നേരെ കല്ല് എറിഞ്ഞുവെന്നും ഇതിൽ പരുക്കു പറ്റിയെന്നും പരാതിയിൽ പറയുന്നു. കല്ലേറിൽ ജനൽചില്ലുകളും തകർന്നു. ഹനീഷിന്റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.
മൂന്നര മണിക്ക് ആക്രമണം നടത്തിയ ശേഷം രാത്രി 11 മണിക്കും പിന്നീട് ഒരു മണിക്കു ശേഷവും ആക്രമണം നടത്തിയെന്ന് ഹനീഷ് പറയുന്നു. എക്സൈസ് പ്രിവന്റീവ് ഓഫിസറായി ഹനീഷ് പറവൂരിൽ എത്തിയിട്ട് ഒരു മാസമേ ആയുള്ളൂ. നേരത്തെ രാകേഷിന്റെ പേരിൽ ഹനീഷ് അനധികൃത മദ്യ വിൽപ്പനയ്ക്ക് രണ്ടു കേസുകൾ എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്.