ബംഗ്ലദേശിൽ 2 വർഷത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ്; പരിഷ്കാരങ്ങൾക്കു കമ്മിഷനെ നിയോഗിച്ച് യൂനുസ്
Mail This Article
ധാക്ക∙ ബംഗ്ലദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഔദ്യോഗിക ടിവി ചാനലിലാണു പ്രഖ്യാപനം. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചത്. തുടർന്ന് ഇടക്കാല സർക്കാരിന്റെ തലവനായി അധികാരമേറ്റെടുത്തത് മുതൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ യൂനുസിനുമേൽ സമ്മർദമുണ്ട്.
തിരഞ്ഞെടുപ്പ് രീതികളിലുൾപ്പെടെ പരിഷ്കാരങ്ങൾ വരുത്താൻ യൂനുസ് കമ്മിഷനെ നിയോഗിച്ചു. ഇതിൽ പിഴവുകളില്ലാത്ത വോട്ടർ പട്ടികയുൾപ്പെടെ ഏതാനും പ്രധാന പരിഷ്കാരങ്ങൾ മാത്രം വരുത്തിയ ശേഷം തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ 2025 നവംബറിൽ വോട്ടെടുപ്പ് നടത്താനാകും. മുഴുവൻ പരിഷ്കാരങ്ങൾ വരുത്തിയിട്ടേ തിരഞ്ഞെടുപ്പു നടത്താനാകൂ എന്നാണ് പാർട്ടികളുടെ തീരുമാനമെങ്കിൽ വീണ്ടും ആറുമാസം കൂടി എടുക്കുമെന്നും യൂനുസ് പറഞ്ഞു.