ADVERTISEMENT

താമരശേരി∙ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞയാഴ്ച ഇറക്കിയ താരിഫ് പരിഷ്‌കരണത്തിലുള്ളതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. അടിവാരം 110 കെവി സബ് സ്റ്റേഷന്‍ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27ല്‍ നിരക്ക് വര്‍ധന ഇല്ലായെന്നുമാണ് കമ്മിഷൻ തീരുമാനം. 2011-16 ല്‍ 49.2 ശതമാനമായിരുന്നു നിരക്കു വര്‍ധന. എന്നാല്‍ 2016 മുതല്‍ 2024 വരെയുള്ള എട്ടര വര്‍ഷം 21.68 ശതമാനം മാത്രമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോം, കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനു നല്‍കിയ ബഹുവര്‍ഷ താരിഫ് അപേക്ഷയില്‍ 2025-26ല്‍ യൂണിറ്റിന് 67 പൈസയും 2026-27ല്‍ 74 പൈസയും 2027-28ൽ 91 പൈസയും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചത്. മഹാരാഷ്ട്രയില്‍ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവര്‍ ലിമിറ്റഡിന്റെ ഗാര്‍ഹിക വൈദ്യുതി നിരക്കുകള്‍ കേരളത്തിനേക്കാള്‍ വളരെ കുറവാണെന്ന പ്രചരണം തെറ്റാണ്. എനര്‍ജി ചാര്‍ജിന് പുറമേ, പ്രതിമാസം 90 രൂപ ഫിക്‌സഡ് ചാര്‍ജും യൂണിറ്റൊന്നിന് 2.60 രൂപ ക്രമത്തില്‍ വീലിങ് ചാര്‍ജും ഇതിനു പുറമേ 16 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയും 45 മുതല്‍ 80 പൈസ വരെ ഫ്യൂവല്‍ സര്‍ചാര്‍ജും കൊടുക്കേണ്ടി വരും. അദാനി പവറിനെക്കാള്‍ 50 യൂണിറ്റിന് 231 രൂപ കുറവാണ് കേരളത്തിലെ നിരക്കെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവരാനുള്ള നയ സമീപനങ്ങളാണ് വിവിധ ഉത്തരവുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിരക്കുകള്‍ എല്ലാ വര്‍ഷവും പരിഷ്‌കരിക്കണം എന്ന നിര്‍ദേശം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകള്‍ക്ക് നല്‍കിയത്. വൈദ്യുതി ചട്ട ഭേദഗതിയിലൂടെ വൈദ്യുതി വാങ്ങല്‍, പ്രസരണ നിരക്ക്, ഇന്ധന നിരക്ക് തുടങ്ങിയ അധികച്ചെലവ് കമ്പനികള്‍ക്ക് ഉപയോക്താക്കളില്‍നിന്ന് വൈദ്യുതി നിരക്കിലൂടെ ഈടാക്കാമെന്ന് ഉറപ്പാക്കി. ഇതിനായി റഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ എല്ലാമാസവും വൈദ്യുതി നിരക്ക് കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി.

കെഎസ്ഇബി, സര്‍ക്കാര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള സാധ്യമായ സ്ഥലങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,067.7 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിച്ചിട്ടുണ്ട്. ഇതില്‍ 979.2 മെഗാവാട്ട് സൗരോര്‍ജത്തില്‍ നിന്നും, 88.55 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നുമാണ് ഉത്പാദിപ്പിച്ചത്. പ്രസരണ മേഖലയില്‍ 25 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

English Summary:

Electricity tariff hikes in Kerala are lower compared to other states, according to Electricity Minister K Krishnankutty, who cited comparisons with Adani Power and emphasized the state's commitment to providing affordable electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com