‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’: വിനീതിന്റെ അവസാന സന്ദേശം
Mail This Article
അരീക്കോട്∙ ‘കൂടെ ജോലി ചെയ്യുന്നവർ പണിതന്നു’ എന്നാണ്, ആത്മഹത്യ ചെയ്ത സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വിനീതിന്റെ (36) അവസാന സന്ദേശം. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളും ബന്ധുവിന് അയച്ച വാട്‌സാപ് സന്ദേശത്തിലുണ്ട്. ആത്മഹത്യക്കുറിപ്പിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കി.
വയനാട് കൽപറ്റ തെക്കുതറ സ്വദേശിയായ വിനീത് ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്‌പി ക്യാംപിൽവച്ച് റൈഫിൾ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്‌സാപ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലിചെയ്യുന്നവർ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണു സന്ദേശത്തിൽ ആരോപിക്കുന്നത്.
പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിലാണു വിനീത് പരാജയപ്പെട്ടത്. ഓട്ടത്തിൽ പരാജയപ്പെട്ടതിനാൽ അവധി ലഭിച്ചില്ലെന്നാണു വിവരം. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തിൽ പറയുന്നു. ഓട്ടത്തിനുള്ള സമയം വർധിപ്പിക്കണമെന്നും ബന്ധുവിന് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. തന്റെ വാട്‌സാപ് സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നിർദേശിച്ചു. തനിക്ക് ലഭിച്ച മെമ്മോയ്ക്ക് മറുപടിയായി സർവീസിൽ കയറിയ കാലം മുതലുള്ള കാര്യങ്ങൾ വിനീത് എഴുതിവച്ചിരുന്നു.
ദീർഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാൻ കാരണമെന്നു സൂചനയുണ്ട്. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവർത്തകർ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ ഇന്നാണ്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായുള്ള എസ്ഒജിക്കു പരിശീലനം നൽകുന്ന കേന്ദ്രത്തിലാണു സംഭവം.