ഇരുട്ടിൽ ആനയുടെ സാമീപ്യം എൽദോസ് അറിഞ്ഞില്ല; മൂന്നു ദിവസത്തിനിടെ കാട്ടാനയാക്രമണത്തിൽ 2 മരണം, പകച്ച് കോതമംഗലം
Mail This Article
കൊച്ചി ∙ കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടതിന്റെ ഭീതിയിലാണ് കോതമംഗലം. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണി വലിയക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് വർഗീസ് (45) ആണ് തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്.
ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിനെ അടുത്തുള്ള മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശമെല്ലാം സന്ധ്യയായാൽ ഇരുട്ടാണ്. ആന വഴിയിൽ പതുങ്ങി നിന്നാലും അറിയില്ല. ആനയുടെ സാമീപ്യം അറിയാതെ ചെന്ന എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
ഇനിയും ഇത് സഹിക്കാൻ പറ്റില്ലെന്നും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരെ നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് അധികൃതരടക്കം സ്ഥലത്തുണ്ട്. എറണാകുളം ജില്ലാ കലക്ടർ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരരുന്നു നാട്ടുകാര്‍. പിന്നാലെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ജില്ലാ കലക്ടറുമായി സംസാരിച്ചു. തുടർന്ന് എഡിഎമ്മിനെ സ്ഥലത്തേക്ക് അയച്ചു.
ശനിയാഴ്ച സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് നേര്യമംഗലം നഗരംപാറ ഫോറസ്റ്റ് ഓഫിസിന് സമീപത്തെ ചെമ്പൻകുഴിയിൽ വച്ച് കാട്ടാന പന ഇടിച്ചുനിരത്തിയത്. ഇതു ഇവരുടെ മുകളിലേക്കു വീഴുകയായിരുന്നു. ഇപ്പോൾ കാട്ടാന ആക്രമണം ഉണ്ടായ ഉരുളംതണ്ണിയിൽ ഒരു വർഷം മുൻപ് ആദിവാസിയായ ഒരാളെ ആന ചവിട്ടിക്കൊന്നിരുന്നു. ഫെൻസിങ് നിർമാക്കാമെന്നും കിടങ്ങ് നിർമിക്കാമെന്നും അന്ന് വനംവകുപ്പ് ഡിഎഫ്ഒ അടക്കമുള്ളവർ വാക്കുനൽകിയിരുന്നു. ഇത് എവിടെയും എത്തിയിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു.
ഇതിന്റെ തൊട്ടടുത്തുള്ള അട്ടിക്കളത്തുള്ള മൂന്നു സ്ത്രീകളാണ് അടുത്തിടെ പശുവിനെ അന്വേഷിച്ച് വനത്തിനകത്തു പോയി ആനപ്പേടിയിൽ കുടുങ്ങിയതും പിന്നീട് രക്ഷപ്പെടുത്തിയതും. ഇവർ താമസിക്കുന്ന അട്ടിക്കളത്തും ആനയുടെ ശല്യം രൂക്ഷമാണ്. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയ്ക്ക് പുറമെ മറ്റു വന്യമൃഗങ്ങളുടേയും ശല്യം ഇവിടെ രൂക്ഷമാണ്.