ക്ഷണിച്ചു, പണം നൽകി, നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി; നാലംഗ സംഘം അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടികൊണ്ടുപോയ നാലംഗ സംഘം അറസ്റ്റിൽ. സാർത്തക് ചൗധരി, സബിയുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണു പിടിയിലായത്. നടൻ ശക്തി കപൂറിനെ തട്ടികൊണ്ടുപോകാനും സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരു ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് മുഷ്താഖ് മുഹമ്മദ് ഖാനെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സമാനരീതിയിലാണ് ശക്തി കപൂറിനെയും തട്ടികൊണ്ടുപോകാൻ പദ്ധതിയിട്ടത്.
ചടങ്ങിൽ പങ്കെടുക്കാൻ ശക്തി കപൂർ ഉയർന്ന തുക മുൻകൂറായി ചോദിച്ചതിനാൽ പദ്ധതി നടപ്പിലായില്ല. ബന്ദിയായി മണിക്കൂറുകൾക്കുശേഷം സംഘത്തിന്റെ പിടിയിൽനിന്ന് മുഷ്താഖ് മുഹമ്മദ് ഖാൻ സ്വയം രക്ഷപ്പെടുകയായിരുന്നു. മുഷ്താഖ് മുഹമ്മദ് ഖാന്റെ മാനേജർ പൊലീസിൽ പരാതി നൽകിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. മീററ്റിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി നടന് ഒക്ടോബർ 15ന് 25000 രൂപ സംഘം അയച്ചു കൊടുത്തിരുന്നു.
പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹി വിമാനത്താവളത്തിലെത്തിയ നടനെ ടാക്സി ഡ്രൈവർ സ്വീകരിച്ചു. പോകുന്ന വഴിയിൽ നടനെ മറ്റൊരു കാറിലേക്ക് കയറ്റി. കൂടുതൽ സംഘാംഗങ്ങളും കയറി. ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിലെ ഒരു വീട്ടിലേക്കാണ് നടനെ കൊണ്ടുപോയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡും സംഘം കൈക്കലാക്കി. 2.2 ലക്ഷം പിൻവലിച്ചു.
മദ്യലഹരിയിലായ സംഘം ഉറങ്ങിയപ്പോൾ നടൻ രക്ഷപ്പെട്ടു തൊട്ടടുത്തുള്ള പള്ളിയിലെത്തി. നാട്ടുകാർ കുടുംബത്തെ വിവരമറിയിച്ചു. പൊലീസെത്തിയാണു നടനെ വീട്ടിലെത്തിച്ചത്. 1.04 ലക്ഷം സംഘത്തിൽനിന്നു കണ്ടെടുത്തു. പരിപാടികളിൽ പങ്കെടുക്കുന്നതിനായി സിനിമാ താരങ്ങൾക്ക് മുൻകൂറായി പണവും വിമാനടിക്കറ്റും നൽകി ക്ഷണിച്ചു വരുത്തിയശേഷം തട്ടിക്കൊണ്ടുപോകുന്നതാണു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. ശക്തി കപൂറിന് 5 ലക്ഷംരൂപയാണു പരിപാടിയിൽ പങ്കെടുക്കാൻ വാഗ്ദാനം നൽകിയത്. ഉയർന്ന തുക മുൻകൂറായി ചോദിച്ചതിനാൽ പദ്ധതി നടപ്പിലായില്ല. സംഘത്തിലുള്ള മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു.