നെഹ്റുവിന്റെ കത്തുകളുടെ ശേഖരം തിരികെവേണം: രാഹുലിനോട് കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ ആൽബർട്ട് ഐൻസ്റ്റീനും എഡ്വിന മൗണ്ട് ബാറ്റനുമുൾപ്പെടെ ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര സർക്കാർ. നെഹ്റുവിന്റെ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പിഎംഎംഎൽ) രാഹുലിനോട് ആവശ്യപ്പെട്ടത്. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം 2008ൽ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും അന്നുമുതൽ സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുന്ന കത്തുകളാണു തിരികെ ആവശ്യപ്പെട്ടത്.
1971ലാണു നെഹ്റു മെമ്മോറിയൽ ഫണ്ട് നെഹ്റുവിന്റെ കത്തുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ മുൻപ് നെഹ്റു മെമ്മോറിയൽ മ്യൂസിയം എന്നറിയപ്പെട്ടിരുന്ന പിഎംഎംഎലിന് കൈമാറിയത്. ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട്ബാറ്റൻ, പദ്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ അസഫ് അലി, ബാബു ജഗ്ജീവൻ റാം തുടങ്ങിയവർക്കെഴുതിയ കത്തുകളും ഇതിൽ ഉൾപ്പെടുന്നു.
നെഹ്റു കുടുംബത്തിനു വ്യക്തിപരമായ പ്രധാന്യമുള്ളതാണ് ഈ രേഖകളെന്നു തിരിച്ചറിയുന്നുണ്ടെങ്കിലും ചരിത്രപ്രാധാന്യമുള്ള ഇവ ഗവേഷകർക്കും ചരിത്രകാരന്മാർക്കും വലിയ ഗുണം െചയ്യുമെന്നതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ടെന്ന് പിഎംഎംഎൽ കത്തിൽ പറയുന്നു. രേഖകൾ കൈമാറുകയോ അവ പകർത്തി സൂക്ഷിക്കാൻ അനുവാദം നൽകുകയോ ചെയ്യണമെന്നാണ് ആവശ്യം.