ADVERTISEMENT

പൊന്നാനി ∙ ‘രാജീവ് എന്താണ് കരയാത്തത്.. നിങ്ങൾക്ക് ടെൻഷനില്ലേ..’ – പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് 550 പവൻ സ്വർണം നഷ്ടമായ പ്രവാസി മണപ്പറമ്പിൽ രാജീവ് ഏറ്റവും കൂടുതൽ നേരിട്ട ഒരു ചോദ്യം ഇതായിരുന്നു. പുറത്തുവന്ന കണക്കുകൾ മുന്നൂറും മുന്നൂറ്റമ്പതുമൊക്കെയാണെങ്കിലും യഥാർഥത്തിൽ നഷ്ടപ്പെട്ടത് 550 പവനാണ്. പൊലീസ് രേഖകളിലും ഇതുതന്നെയാണ്. ഇത്രയധികം സ്വർണം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ നിൽക്കുന്നത് പലർക്കും സംശയങ്ങളുണ്ടാക്കി. പലരും നേരിട്ട് തന്നെ കൗതുകത്തോടെ ചോദിച്ചു. കാൽ നൂറ്റാണ്ട് കൊണ്ട് സമ്പാദിച്ച സ്വർണം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടപ്പോൾ ‘എന്ത് കൊണ്ട് രാജീവ് തകർന്നില്ല’.?– ചോദ്യത്തിന് ഉത്തരമായി മനോരമയോട് മനസ്സ് തുറക്കുകയാണ് രാജീവ്..

 ‘ഇൻഷുറൻസുണ്ടായിരുന്നോ.?’

 പൊലീസിന്റെ ആദ്യ ചോദ്യം ഇതായിരുന്നു. എന്റെ കണ്ണുകളിലേക്ക് നോക്കി ഡിവൈഎസ്പി പി.പി.ഷംസ് ചോദിച്ചു.. നഷ്ടപ്പെട്ട ആഭരണങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടോ.? ഇല്ലായെന്ന് ഉത്തരം നൽകി. പിന്നെയും എന്നിലേക്ക് കേന്ദ്രീകരിക്കുന്ന നാലഞ്ച് ചോദ്യങ്ങളുണ്ടായി. അത് കഴിഞ്ഞതോടെ പൊലീസ് ചോദ്യങ്ങളുടെ രീതിയും അന്വേഷണത്തിന്റെ സ്വഭാവവും അടിമുടി മാറ്റി. ഒപ്പം തെളിവായി മോഷ്ടാവ് വീടിന്റെ മുൻവശത്തെ മതിൽ ചാടിക്കടക്കുന്നതിന്റെ സിസിടിവി ദൃശ്യവും കിട്ടി. ഇതോടെ ഒരു മോഷ്ടാവ് അകത്തു കയറിയെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നീട് അന്വേഷണ സംഘം ഏറെ സൗഹൃദത്തോടെ നിരന്തരം സമീപിച്ചു കൊണ്ടിരുന്നു. അവരുടെ അധ്വാനവും പരിശ്രമവും ഞാൻ നേരിട്ട് കണ്ടു.. സംഘത്തിലെ പലരും എന്നെ രാജീവേട്ടാ.. എന്നാണ് വിളിച്ചത്. ഒപ്പം അന്നത്തെ എസ്പി ശശിധരൻ ഒന്നിലധികം തവണ നേരിട്ട് വീട്ടിലെത്തി പ്രതിയെ പിടിക്കുമെന്ന് ഉറപ്പ് നൽകി. – പൊലീസിന്റെ ഉറപ്പായിരുന്നു എന്റെ ധൈര്യം. അന്ന് ഒരു സംഭവമുണ്ടായി. 

രാത്രിയിൽ എന്നെ തേടിയെത്തിയ അപരിചിതൻ.. 

15ന് രാത്രി 7.30.. ദൈവ ദൂതനെ പോലെ ഒരാൾ വീട്ടിലേക്കു വന്നു.. മോഷ്ടാവ് തകർത്ത വീടിന്റെ പിൻവാതിൽ ശരിയാക്കാൻ വൈകിയതിനാൽ ഞാനും ഭാര്യയും തൊട്ടടുത്ത ഹോട്ടലിലാണ് താമസിച്ചിരുന്നത്. അങ്ങോട്ട് പോകാനൊരുങ്ങുന്നതിനിടയിലാണ് ഗേറ്റ് കടന്ന് സ്കൂട്ടറിൽ ഒരാൾ വരുന്നത്. തീർത്തും അപരിചിതൻ. അൽപം വെപ്രാളത്തോടെ അയാൾ എന്റെ അടുത്തു വന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. ‘സാർ.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.’– ഞാൻ കൗതുകത്തോടെ അവനെ നോക്കി. അവൻ രണ്ട് പേരുകൾ പറഞ്ഞു.. – ‘സുഹൈൽ, നാസർ’– ഇതുകേട്ട് എന്തു ചെയ്യണമെന്നറിയാതെ ഞാൻ എന്റെ അടുത്ത സുഹൃത്ത് മഹേഷിനെ വീട്ടിലേക്കു വിളിച്ചു. അതിവേഗം തന്നെ വീട്ടിലേക്കെത്തിയ മഹേഷും അവനോട് സംസാരിച്ചു. മോഷ്ടാക്കളുടെ വീടും അവനറിയാം. പൊന്നാനിയിൽ മോഷ്ടാക്കളിൽ ഒരാൾ താമസിക്കുന്ന ക്വാട്ടേഴ്സ് മഹേഷ് ആ രാത്രി തന്നെ അവനൊപ്പം ചെന്ന് കണ്ടു. പുറത്തു നിന്ന് കാണുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.. വിവരം ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. 

 പ്രതികൾ കൺമുന്നിൽ.. പക്ഷേ..

 പൊന്നാനി ബിയ്യത്ത് കോഴിക്കടയിൽ ജോലി ചെയ്തിരുന്നയാളായിരുന്നു പ്രതികളിലൊരാളായ നാസർ. അയാൾ പരിസരത്തുള്ള കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു. ആളില്ലാത്ത വീടും മോഷണ സാധ്യതകളുമെല്ലാം അവൻ നേരത്തെ മാർക്ക് ചെയ്തു വച്ചിരുന്നു. വിവരങ്ങളെല്ലാം അവന്റെ സുഹൃത്തായ സുഹൈലിനെയും അറിയിച്ചു. അങ്ങനെ ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് വീട്ടിലെത്തുന്നത്. അവർ ഒരിക്കലും ഇത്രയധികം സ്വർണം പ്രതീക്ഷിച്ചിരുന്നില്ല. പണമോ കുറച്ചെന്തെങ്കിലും ആഭരണമോ മാത്രം പ്രതീക്ഷിച്ചാണ് അകത്തു കയറിയിരിക്കുന്നത്. കൺമുന്നിൽ നിൽക്കുന്ന പ്രതികളിലേക്കെത്താൻ പൊലീസ് തെളിവുകൾ ശേഖരിച്ചു തുടങ്ങി. പ്രതികൾ അറിയാതെ പിറ്റേന്നു മുതൽ പൊലീസും ഒപ്പം ഞാനും ഇവർക്ക് പിറകിലുണ്ടായിരുന്നു.

theft
പൊന്നാനിയിലെ വീട്ടിൽ മോഷ്ടാവ് വലിച്ചുവാരിയിട്ട സാധനങ്ങളും കുത്തിത്തുറന്ന അലമാരയും

 പഠിച്ച കള്ളൻ..

 തെളിവുകൾ നശിപ്പിച്ച് എങ്ങനെ അകത്തു കടക്കാമെന്ന് ഇവർക്ക് പൂർണ ബോധ്യമുണ്ടായിരുന്നു. 13ന് പുലർച്ചെ 1.30ന് മോഷ്ടാവ് മതിൽ ചാടി കടന്ന് വീടിന്റെ പിൻവശത്തെത്തി. ആദ്യം സിസിടിവി ഡിവിആർ നശിപ്പിച്ചു. അതിനുശേഷമായിരുന്നു മറ്റ് പണികളിലേക്കു കടന്നത്. തേക്കിന്റെ അടുക്കള വാതിൽ മുക്കാൽ മണിക്കൂറുകൊണ്ട് പൊളിച്ചെടുത്ത് അകത്തു കടന്നു. വീടിന്റെ ഉൾവശത്തെല്ലാം പരതുന്നതിനടയിലാണ് അകത്തെ മുറിയിലുള്ള ലോക്കറും തകർത്തത്. കള്ളന് ലോട്ടറിയടിച്ചപോലെ അതിനകത്ത് 550 പവൻ ഇരിക്കുന്നുണ്ടായിരുന്നു. സ്വർണം വാരിവലിച്ചെടുത്ത് പുറത്തിറങ്ങിയ മോഷ്ടാവ് 5 കിലോഗ്രാം തൂക്കമുള്ള 2 ഡിവിആർ, 4 വില കൂടിയ മദ്യ കുപ്പികൾ, ഒപ്പം സ്വർണവും ഉൾപ്പെടെ 20 കിലോഗ്രാം ഭാരമുള്ള സഞ്ചിയും കൊണ്ടാണ് പുറത്തു ചാടുന്നത്. വടക്കു ഭാഗത്തെ മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ പിറകിലൂടെ നടന്നു പോയി..

എല്ലാം വ്യക്തം..കൃത്യം.. എന്നിട്ടും നിസ്സഹായത.!

 സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് പിടിച്ചില്ല. ഇതോടെ ഞാൻ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. അപ്പോഴേക്കും എസ്പിയും ഡിവൈഎസ്പിയുമെല്ലാം മാറി. എസ്പി ആർ.വിശ്വനാഥ് ചുമതലയേറ്റു. തിരൂരിൽ ഡിവൈഎസ്പി ഇ.ബാലകൃഷ്ണനുമെത്തി. പ്രതികളെ ഉടൻ പിടിക്കുമെന്ന് പുതിയ എസ്പി ഉറപ്പ് നൽകി. ആ ഉറപ്പ് വല്ലാത്ത ആത്മവിശ്വാസമാണ് നൽകിയത്. ഇതിനിടയ്ക്ക് അന്വേഷണ സംഘം പറഞ്ഞു.. വേണമെങ്കിൽ ഏതു നിമിഷവും പ്രതികളെ അറസ്റ്റ് ചെയ്യാം. പക്ഷേ, നഷ്ടപ്പെട്ട മുതൽ പൂർണമായി കിട്ടണമെങ്കിൽ കുറച്ചു കൂടി കാത്തിരിക്കണമെന്ന്. പൊലീസിന്റെ ആ നിലപാടായിരുന്നു ശരി. ഇതിനിടയിൽ പ്രതികളിലൊരാളായ സുഹൈൽ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. വൈകാതെ തന്നെ ഇയാൾ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് മോഷണമുതൽ പതുക്കെ പുറത്തിറങ്ങി തുടങ്ങിയത്. ജാമ്യമില്ലാതെ അകത്തു കിടന്നിരുന്നെങ്കിൽ തെളിവിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നേനെ. അവന്റെ ആ ജാമ്യം ശരിക്കും ഇൗ കേസിന് അനുഗ്രഹമായി. 

‘ഉരുകിത്തീർന്ന പുഷ്പ ചേച്ചി..’ 

എന്റെ വീട്ടിൽ മോഷണം നടന്ന അന്നു മുതൽ പൊലീസ് ഉൾപ്പെടെ പലരും സംശയത്തോടെ കണ്ട ഒരാൾ വീട്ടിൽ ജോലിക്കെത്തിയിരുന്ന പുഷ്പ ചേച്ചിയായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഒരി തരി പോലും ആ സംശയമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യാൻ വീട്ടിലേക്കെത്തിയ പൊലീസിനോട് എന്റെയും ഭാര്യയുടെയും ആദ്യ അഭ്യർഥന പുഷ്പ ചേച്ചിയെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു. പൊലീസും അത് ഉൾക്കൊണ്ടു. എങ്കിലും പലരുടെയും നോട്ടം കൊണ്ടും ചോദ്യം കൊണ്ടും പുഷ്പ ചേച്ചിയും മകനും വേദനിക്കുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞിരുന്നു. എനിക്കത് സ്വർണം നഷ്ടപ്പെട്ടതിനേക്കാൾ വലിയ വേദനയാണുണ്ടാക്കിയത്. ആ സത്യസന്ധതയും ആത്മാർഥതയും ഞങ്ങൾ വർഷങ്ങൾക്കു മുൻപേ തിരിച്ചറിഞ്ഞതാണ്.

English Summary:

Gold Theft: After losing 550 sovereigns of gold in a home invasion, Rajeev Manapparambil of Ponnani faces suspicion and navigates a complex police investigation. Discover a story of resilience, trust, and the pursuit of justice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com