മദ്യശാലയ്ക്കു മുന്നിൽ തർക്കം; റാന്നിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ
Mail This Article
റാന്നി∙ റാന്നി മന്ദമരുതിയിൽ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ പിടിയിൽ. റാന്നി സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ എറണാകുളത്ത് വച്ചാണ് പിടിയിലായത്. പ്രതികളെ വൈകിട്ട് റാന്നി പൊലീസ് സ്റ്റേഷനിലെത്തിക്കും. ചെത്തോങ്കര സ്വദേശി അമ്പാടി കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. റാന്നി ഇട്ടിയപ്പാറ ബവ്റിജസ് ഔട്ട്‌ലെറ്റിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് അമ്പാടിയും പ്രതികളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
തർക്കത്തിനും അടിപിടിക്കും ശേഷം ഇവിടെനിന്ന് മന്ദമരുതിയിലേക്ക് പോയ അമ്പാടി കാറിൽനിന്നിറങ്ങി ഫോൺ ചെയ്യവേ പിന്നാലെ കാറിലെത്തിയ പ്രതികൾ അമ്പാടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളും സുഹൃത്തുമാണ് അമ്പാടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ പരുക്കിന്റെ സ്വഭാവം യാദൃശ്ചിക വാഹനാപകടത്തിൽനിന്ന് ഉണ്ടായതല്ലെന്ന സംശയം തോന്നിയ ആശുപത്രിയിലെ ഡോക്ടറാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തിയപ്പോഴാണ് നേരത്തെ തർക്കമുണ്ടായതിന്റെ വിവരങ്ങൾ അമ്പാടിക്ക് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. ഇതേത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.