ആംബുലൻസില്ലെന്ന് ടിഇഒ; ആദിവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ; വൻ പ്രതിഷേധം
Mail This Article
മാനന്തവാടി∙ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ആദിവാസി വയോധികയുടെ മൃതദേഹം സംസ്കാര സ്ഥലത്തേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിൽ വച്ചാണ് ചുണ്ടമ്മ മരിച്ചത്. തുടർന്ന് കുടുംബം പ്രമോട്ടറെ അറിയിക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആംബുലൻസ് എത്തുമെന്നാണ് പ്രമോട്ടർ കുടുംബത്തെ അറിയിച്ചത്. എന്നാൽ ആംബുലൻസ് എത്താതെ വന്നതോടെ പഞ്ചായത്ത് അംഗം ടിഇഒയെ ബന്ധപ്പെട്ടപ്പോൾ ആംബുലൻസ് ഇല്ല എന്നാണ് അറിയിച്ചത്. തുടർന്ന് നാല് മണിയോടെ മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി നാല് കിലോമീറ്റർ അകലെയുള്ള ശ്മശാനനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസ് ഉപരോധിച്ചു. ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്യുമെന്നും അന്വേഷണം നടത്തുമെന്നും ടിഡിഒ അറിയിച്ചു. എന്നാൽ ട്രൈബൽ ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്നു നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്നാണ് പഞ്ചായത്ത് അംഗങ്ങൾ പറയുന്നത്. ട്രൈബൽ പ്രമോട്ടറുടെ ഭാഗത്ത് മാത്രമല്ല വീഴ്ചയുണ്ടായതെന്നും അംഗങ്ങൾ പറഞ്ഞു.
പട്ടികജാതി, പട്ടിവക വർഗ, പിന്നാക്കേ ക്ഷേമ മന്ത്രി ഒ.ആർ.കേളുവിന്റെ മണ്ഡലത്തിലാണ് ഉത്തരേന്ത്യൻ മാതൃകയിൽ ആദിവാസി വയോധികയുെട മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. എടവക പഞ്ചായത്തിന് അടുത്തായി പയ്യമ്പള്ളിയിൽ ഞായറാഴ്ച വൈകിട്ട് ആദിവാസി യുവാവിനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവവുമുണ്ടായി.