ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പാണെന്നും കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അമിത് ഷാ തുറന്നടിച്ചു. ‘ഒരു രാജ്യം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ഭരണഘടന ചർച്ചകൾക്കിടെയാണ് അമിത്ഷാ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അതിൽ തന്നെ വ്യവസ്ഥയുണ്ടെന്നും അമിത് ഷാ സൂചിപ്പിച്ചു. ലോകസഭയും രാജ്യസഭയും നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും.

‘‘രാജ്യത്തെ ഒന്നിപ്പിക്കാൻ സർദാർ വല്ലഭ്ഭായ് പട്ടേൽ നടത്തിയ ശ്രമങ്ങൾക്ക് നന്ദി. ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്ന് പറഞ്ഞവരോട് എനിക്ക് ഇത്രമാത്രമേ പറയാനുള്ളൂ. നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷമായി. നമ്മുടെ ജനാധിപത്യം ആഴങ്ങളിലേക്ക് വളർന്നു. ഈ ഭരണഘടനയ്ക്കു പല സ്വേച്ഛാധിപതികളുടെയും ധാർഷ്ട്യത്തെ തകർത്തുകളഞ്ഞ ചരിത്രമുണ്ട്. ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള വ്യവസ്ഥ ഭരണഘടനയിൽ തന്നെയുണ്ട്. സ്വേച്ഛാധിപത്യത്തിന്റെ അഹങ്കാരം ജനങ്ങൾ തകർത്തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിന്റെ ഭരണകാലത്താണ് അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാൻ കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തത്. ഇന്ത്യയ്ക്ക് സാമ്പത്തികമായി സ്വതന്ത്രരാകാൻ കഴിയില്ലെന്നു പറഞ്ഞവർക്ക് രാജ്യത്തെ ജനങ്ങളും ഭരണഘടനയും തക്കതായ മറുപടി നൽകി. അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് രാജ്യം. നമ്മൾ ബ്രിട്ടനെയും പിന്നിലാക്കി.’’ – അമിത് ഷാ പറഞ്ഞു.

‘‘55 വർഷത്തെ ഭരണത്തിനിടയിൽ കോൺഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തു. 10 വർഷത്തെ ഭരണത്തിൽ ഇതുവരെ 22 തവണ മാത്രമാണ് ബിജെപി ഭരണഘടന ഭേദഗതി ചെയ്തത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോൽവികൾക്ക് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്, ഇന്ത്യാസഖ്യം ജാർഖണ്ഡില്‍ വിജയിച്ചപ്പോൾ യന്ത്രങ്ങളെ എന്തുകൊണ്ട് കുറ്റപ്പെടുത്തുന്നില്ല. മുസ‌്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ വർഷങ്ങളോളം നിഷേധിച്ച കോൺഗ്രസ്, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നത്. മുത്തലാഖ് നിർത്തലാക്കുന്നതുൾപ്പെടെ മുസ്‌ലിം വിഭാഗങ്ങൾക്കായി എൻഡിഎ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. മോദി സർക്കാർ രാജ്യത്തെ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മോചിപ്പിച്ചു.’’ – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

രാഹുൽ ഗാന്ധി കൈവശം വച്ചിരിക്കുന്നത് ഭരണഘടനയുടെ ശൂന്യമായ പകർപ്പെന്നും അമിത് ഷാ ആരോപിച്ചു. ‘‘ഒരു പാർട്ടി ഭരണഘടനയെക്കുറിച്ച് സംസാരിക്കുമ്പോൾ നടത്തുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഈ നീക്കം. ബിജെപിക്ക് ഒരു എംപി മാത്രമായിരുന്നുവെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തെ പിന്തുണയ്ക്കില്ല. മുസ്‌ലിം വ്യക്തിനിയമത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. മുസ്‌ലിം വ്യക്തിനിയമം കൊണ്ടുവന്നതാണ് ഈ രാജ്യത്ത് പ്രീണന രാഷ്ട്രീയത്തിന്റെ തുടക്കമാണ്.’’ – അമിത് ഷാ തുറന്നടിച്ചു.

English Summary:

Constitution Debate Rajyasabha; Amit Shah's Rajya Sabha speech vehemently criticized the Congress, accusing Rahul Gandhi of possessing a hollow understanding of the Constitution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com