‘എൽദോസിനെ ആന തുമ്പിക്കൈയിൽ കോർത്ത് ചുഴറ്റി എറിഞ്ഞു’; യാത്രാമൊഴി ചൊല്ലി നാട്, ആശങ്ക അകലാതെ കുട്ടമ്പുഴ
Mail This Article
കൊച്ചി ∙ ഒരുപക്ഷേ 10 മിനിറ്റു കൂടി കഴിഞ്ഞിരുന്നെങ്കിൽ, കേവലം 600–700 മീറ്റർ കൂടി പിന്നിട്ടിരുന്നെങ്കിൽ ഇന്നലെ രാത്രി തന്നെ കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ വലിയ ക്ണാച്ചേരിയിലുള്ള തന്റെ കോടിയാട്ട് വീട്ടിൽ എൽദോസ് എത്തിയേനെ. എന്നാൽ തീരെ വയ്യാതിരിക്കുന്ന വയോധികരായ അമ്മയെയും അപ്പനെയും കാണാൻ എൽദോസ് എത്തിയത് ഇന്ന് ഉച്ചയോടെയാണ്. ഒട്ടേറെപ്പേരുടെ അകമ്പടിയോടെ ആംബുലൻസിൽ ചലനമറ്റ്. അവിടെനിന്നു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്രയ്ക്ക് എൽദോസിനെ കയ്യിലേന്തി നാട്ടുകാർ ആ വീടിന്റെ പടിയിറങ്ങി.
ആനയുടെ ആക്രമണത്തിൽ മരിച്ച കോടിയാട്ട് എൽദോസ് വർഗീസി(45)ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. ചൊവ്വാഴ്ച രാവിലെ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ആകുലതകളും ആശങ്കകളുമായി എത്തിച്ചേർന്ന നൂറുകണക്കിനു നാട്ടുകാരേക്കാൾ അവിടെ ഉണ്ടായിരുന്നത് പൊലീസിന്റെ വൻസംഘമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് കോതമംഗലത്തും ഉരുളൻതണ്ണിയിലും നിലയുറപ്പിച്ചിരുന്നത്.
വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് യാക്കോബായ സഭ മെത്രാപ്പൊലീത്തമാരായ ഏലിയാസ് മോർ യുലിയോസ്, മാർക്കോസ് മോർ ക്രിസ്റ്റമോസ് എന്നിവർ നേതൃത്വം നൽകി. വീട്ടിൽനിന്ന് എടുത്ത മൃതദേഹം ഉരുളൻതണ്ണി മാർത്തോമ്മ പള്ളിയിൽ അന്തിമ ശുശ്രൂഷകൾക്ക് ശേഷം ചേലാടുള്ള സെമിത്തേരിയിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങിനിടെ മാർത്തോമ മെത്രാപ്പൊലീത്തയുടെ അനുശോചന സന്ദേശം വായിച്ചു.
എറണാകുളത്തെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി ആറരയോടെ കെഎസ്ആർടിസി ബസിൽ എത്തി ഉരുളൻതണ്ണിയിൽ ഇറങ്ങി വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി പോകുംവഴിയാണ് എൽദോസിനു നേരെ ഏഴരയോടെ ആനയുടെ ആക്രമണമുണ്ടാകുന്നത്. ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് 250 മീറ്റർ മാറി ക്ണാച്ചേരി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിയുന്നിടത്ത് വച്ചായിരുന്നു അക്രമണം. ഇതുവഴി പോയ ഓട്ടോ ഡ്രൈവർ നിതിൻ തങ്കച്ചനാണ് റോഡിൽ എൽദോസിന്റെ മൃതദേഹം ആദ്യം കണ്ടത്. ആനയുടെ അക്രമണത്തിൽ എൽദോസിന്റെ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. കാലുകൾ വലിച്ചുകീറിയിരുന്നു, കഴുത്തിന്റെ ഒരു ഭാഗം വേർപെട്ട്, ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. ആന കുത്തിയ ശേഷം തുമ്പിക്കൈയിൽ കോർത്ത് ആഞ്ഞടിച്ച് ചുഴറ്റി എറിയുകയായിരുന്നു എന്നാണ് നാട്ടുകാരുടെ പക്ഷം. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞില്ല. സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു.
തിങ്കളാഴ്ച അർധരാത്രിയോടെ സ്ഥലത്തെത്തിയ എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്, കോതമംഗലം എംഎൽഎ ആന്റണി ജോൺ, മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വാർഡ് മെംബർ ജോഷി പൊട്ടക്കൽ തുടങ്ങിയവർ രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖരുമായി ഒരു മണിക്കൂറിലേറെ നേരം നടത്തിയ ചർച്ചയ്ക്കൊടുവിൽ 2 മണിയോടെ മൃതദേഹം റോഡിൽനിന്നെടുത്ത് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിക്കുകയായിരുന്നു. ആറു മണിക്കൂറോളം നീണ്ടുനിന്നു പ്രതിഷേധം. കലക്ടർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച എൽദോസിന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപയുടെ വീതം 2 ചെക്കുകൾ സഹോദരി ലീലാമ്മയ്ക്ക് കൈമാറി. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ അഞ്ചു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്നും കിടങ്ങ് നിർമാണത്തിനുള്ള നടപടികൾ ചൊവാഴ്ച തന്നെ ആരംഭിക്കുമെന്നും തൂക്കുവേലി പുനഃസ്ഥാപിക്കുന്ന ജോലി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും കലക്ടർ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി. കൈക്കൊണ്ട നടപടികളുടെ അവലോകന യോഗം ഡിസംബർ 27ന് കലക്ടറുടെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ നടക്കും.
എല്‍ദോസിന്റെ മൃതദേഹം സെമിത്തേരിയിലേക്ക് എടുക്കുമ്പോൾ കോതമംഗലം ടൗണിൽ നൂറുകണക്കിന് പേർ പങ്കെടുത്ത ജനകീയ പ്രതിഷേധയോഗം ചേരുകയായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഡിഎഫ്ഒയുടെ ഓഫിസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിലെ ജനകീയ പങ്കാളിത്തം ജനങ്ങൾ നിലവിലെ സ്ഥിതിഗതികളിൽ എത്രത്തോളം ആശങ്കാകുലരാണ് എന്നതിന്റെ കൂടി തെളിവായിരുന്നു. കുട്ടമ്പുഴയിലും കോതമംഗലത്തും ജനകീയ ഹർത്താലും പ്രഖ്യാപിച്ചിരുന്നു. കുട്ടമ്പുഴയിൽ ഹർത്താൽ പൂർണമായിരുന്നു.