ADVERTISEMENT

മാനന്തവാടി∙ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിൽ പഴിചാരി വകുപ്പ് മന്ത്രിയും പഞ്ചായത്ത് ഭരണ സമിതിയും. ട്രൈബൽ ഡിപ്പാർട്മെന്റിന്റെ ആംബുലൻസ് സ്ഥലത്തില്ലായിരുന്നുവെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ആശുപത്രികളിലും ആംബുലൻസ് ഇല്ലാത്ത സാഹചര്യമായിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതിക്ക് ഇടപെട്ട് സ്വകാര്യ ആംബുലൻസ് എത്തിക്കാമായിരുന്നു.

പ്രമോട്ടർക്കും വാർഡ് മെംബർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടായിരുന്നു. എന്നാൽ അതു ചെയ്യാതെ ട്രൈബൽ വകുപ്പിന്റെ ആംബുലൻസ് എത്താൻ കാത്തിരിക്കുകയും രാഷ്ട്രീയം കളിക്കുകയുമാണ് ചെയ്തത്. അതുകൊണ്ടാണ് പ്രമോട്ടറെ മാറ്റിനിർത്തിയത്. വകുപ്പ് തല അന്വേഷണം നടത്തുന്നുണ്ട്. മറ്റാരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഇടപെടാതിരുന്ന വാർഡ് മെംബർ ജംഷീറ ശിഹാബ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം എടവക പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് പ്രവർത്തകർ മന്ത്രിയുടെ ഓഫിസിലേക്കും മാർച്ച് നടത്തി. ഇന്നലെ പഞ്ചായത്ത് ഭരണ സമിതി ട്രൈബൽ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. ട്രൈബൽ വകുപ്പ് യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ഇടപെട്ടതെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. മരണം സംഭവിച്ച് 20 മണിക്കൂറോളം കഴിഞ്ഞിട്ടും ആംബുലൻസ് വിട്ടുനൽകാനോ ആംബുലൻസ് ലഭ്യമല്ലാത്ത വിവരം അറിയിക്കാനോ തയാറായില്ലെന്നാണ് ഭരണ സമിതിയുെട ആരോപണം.   

ആംബുലൻസ് കിട്ടാത്ത സംഭവം ട്രൈബൽ പ്രമോട്ടറുടെ തലയിൽ കെട്ടിവച്ച് ഒഴിയാനാണ് ശ്രമം നടക്കുന്നതെന്ന് പട്ടിക വർഗ മോർച്ച ആരോപിച്ചു. ആംബുലൻസ് വിട്ടുകൊടുക്കാത്തതിന്റെ പൂർണ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനും ട്രൈബൽ വകുപ്പിനുമാണ്. മാസശമ്പളം വണ്ടിക്കൂലിക്ക് പോലും തികയാത്ത സാഹചര്യമാണ് ട്രൈബൽ പ്രമോട്ടർമാർക്കുള്ളത്.

ഇതെല്ലാമറിയാമായിരുന്നിട്ടും എടവക പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്നു. ട്രൈബൽ പ്രമോട്ടറെ ജോലിയിൽ തിരിച്ചെടുത്ത് ട്രൈബൽ വകുപ്പിലെ അധികാരികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും പട്ടിക വർഗ മോർച്ച അറിയിച്ചു. ഞായറാഴ്ച വൈകിട്ട് വീട്ടിൽ വച്ച് മരിച്ച എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് െസന്റ് ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

English Summary:

Tribal Woman's dead Body Transported in Auto-rickshaw: Outrage Erupts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com