ADVERTISEMENT

മോസ്കോ∙ റഷ്യയിൽ സാഹചര്യങ്ങൾ പഴയതുപോലെയല്ല. യുക്രെയ്ൻ–റഷ്യ യുദ്ധം ആരംഭിച്ച് മൂന്നു വർഷത്തോട് അടുക്കുമ്പോൾ തിരിച്ചടികൾ റഷ്യയുടെ ‘വീട്ടുപടിക്കൽ’ വരെ എത്തിയിരിക്കുന്നു. യുക്രെയ്ൻ അതിർ‌ത്തിയിൽ മാത്രം ഒതുങ്ങിനിന്ന ആക്രമണങ്ങൾ നിയന്ത്രിത ആക്രമണങ്ങളുടെ രൂപത്തിൽ റഷ്യൻ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. റഷ്യയുടെ ആണവ, രാസ, ജൈവായുധ സേനാവിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മോസ്കോ നഗര ഹൃദയത്തിലാണ്. 

മോസ്കോയിലെ ഓഫിസിൽ നിന്നിറങ്ങി കിറിലോവ് കാറിൽ കയറാനൊരുങ്ങുമ്പോഴാണ് ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. കിറിലോവിന്റെ അസിസ്റ്റന്റും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. വിദൂരനിയന്ത്രിത സ്ഫോടനമാണുണ്ടായതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള 29കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായി റഷ്യയുടെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കിറിലോവിന്റെ കൊലപാതകത്തിനു കനത്ത തിരിച്ചടി നൽകുമെന്നാണു റഷ്യ നൽകുന്ന സൂചന. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്വന്തം മരണവിധിയിൽ ഒപ്പിട്ടെന്നായിരുന്നു റഷ്യൻ സുരക്ഷ ഉദ്യോഗസ്ഥർ രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചത്. 

യുക്രെയ്ന്റെ സൈനിക - രാഷ്ട്രീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ടു റഷ്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നാണ് ആശങ്ക. യുക്രെയ്ൻ - റഷ്യ യുദ്ധം ആരംഭിച്ചതു മുതൽ നിരവധി പ്രമുഖരാണു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. റഷ്യൻ ടിവി കമന്റേറ്റർ ദാരിയ ദുഗിന, റഷ്യയിലേക്കു പലായനം ചെയ്ത മുൻ യുക്രെയ്ൻ എംപി ഇലിയ കിവ, യുക്രെയ്ൻ വിരുദ്ധനായ പ്രമുഖ മിലിറ്ററി ബ്ലോഗർ വ്ലാഡ്‌ലൻ ടറ്റാർസ്കി എന്നിവരടക്കം ഒട്ടേറെ പേർ കൊല്ലപ്പെട്ടു. റഷ്യയിൽ കടന്നുകയറിയുള്ള ആക്രമണങ്ങൾക്കു സർക്കാരിനു മറുപടി നൽകേണ്ടതുണ്ട്. റഷ്യയുടെ ഭാഗത്തു നിന്നുള്ള ഇന്റലിജൻസ് വീഴ്ചയടക്കം പരിശോധിക്കപ്പെടേണ്ട സാഹചര്യമാണ്.

നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറിലോവിനെ യുക്രെയ്ൻ ലക്ഷ്യമിട്ടിരുന്നു. യുക്രെയ്ന്റെ തെക്ക് - കിഴക്കൻ മേഖലകളിൽ 4,800ലേറെ തവണ നിരോധിത ആയുധം ഉപയോഗിച്ചെന്നാണ് ആരോപണം. രാസായുധങ്ങൾ സംബന്ധിച്ച 1993ലെ കൺവൻഷനിലെ തീരുമാനത്തിനു വിരുദ്ധമായിട്ടാണ് ആയുധങ്ങൾ ഉപയോഗിച്ചത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ നിരോധിത രാസായുധങ്ങൾ പ്രയോഗിച്ചതിനു കിറിലോവിനെതിരെ എസ്ബിയു (സെക്യൂരിറ്റി സർവീസ് ഓഫ് യുക്രെയ്ൻ) അന്വേഷണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നായിരുന്നു കൊലപാതകം.

2023ൽ കഫേയിലുണ്ടായ സ്ഫോടനത്തിലാണു ബ്ലോഗർ വ്ലാഡ്‌ലൻ ടറ്റാർസ്കി കൊല്ലപ്പെട്ടത്. ടറ്റാർസ്കിയ്ക്കു ഡാരിയ ട്രെപോവയെന്ന യുവതി സമ്മാനിച്ച പ്രതിമ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ് ഡാരിയ വിചാരണ സമയത്തു പറഞ്ഞത്. യുക്രെയ്‌നിലെ യുദ്ധത്തോടു വിയോജിപ്പുള്ള ആളായിരുന്നു ഡാരിയ. 27 വർഷത്തെ തടവുശിക്ഷയാണു ഡാരിയയ്ക്കു ലഭിച്ചത്. റഷ്യയ്ക്കകത്തു നടന്ന പല ആക്രമണങ്ങളിലും റഷ്യൻ പൗരൻമാരുടെ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം പൗരൻമാരെ സ്വാധീനിക്കുന്ന യുക്രെയ്ൻ തന്ത്രമാണു റഷ്യയ്ക്ക് ഇപ്പോൾ തലവേദന. കിറിലോവിന്റെ വധത്തോടെ റഷ്യയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്.

English Summary:

Ukraine-Russia War : Igor Kirillov's assassination in a Moscow bomb blast marks a significant escalation in the Ukraine-Russia conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com