‘കൂലിത്തല്ലുകാർ കാത്തിരിക്കട്ടെ, ശക്തി കാണാന്‍ പോകുന്നേയുള്ളൂ’: സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി
Mail This Article
കൊച്ചി ∙ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തതിനു സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ അഭിനന്ദനം. എന്നാൽ ഇത്തരമൊരു ഉത്തരവ് ഇട്ടതിന്റെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാനും അപഹസിക്കാനും ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും ഒരാളെ പോലും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്ന പരിപാടി തുടരണമെന്നും ഒരു വിധത്തിലും ഇക്കാര്യത്തിൽ വെള്ളം ചേർക്കരുതെന്നും കോടതി നിർദേശിച്ചു.
അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടികളും വച്ചാൽ ഓരോന്നിനും 5000 രൂപ വീതം പിഴയീടാക്കണം. ഈ പിഴ ഈടാക്കിയില്ലെങ്കിൽ തദ്ദേശവകുപ്പ് സെക്രട്ടറിമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കും. ഇത്തരത്തിൽ അനധികൃത ബോർഡുകളും മറ്റും വച്ച് പരിപാടികൾ നടത്തുന്നവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണം. പിഴയ്ക്കു പുറമെ ബോർഡുകളും മറ്റും നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള ചെലവുകളും ഈടാക്കണം. ഈ പദ്ധതി മുന്നോട്ടു നടത്തുന്നതിനു സർക്കാർ പുതിയ സർക്കുലർ ഇറക്കണം. ഇത്തരത്തിൽ അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ കാലതാമസം കൂടാതെ അത് ചെയ്യാൻ എല്ലാ എസ്എച്ച്ഒമാരെയും ചുമതലപ്പെടുത്തി സർക്കുലർ പുറത്തിറക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി.
ഇന്നു വരെയായിരുന്നു അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന തീയതി. കേസ് പരിഗണിച്ചപ്പോൾ ഇതൊരു ദൗത്യമായി കണ്ട് സർക്കാർ മികച്ച രീതിയിൽ നടപടിയെടുത്തു എന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയെ അറിയിച്ചു. സർക്കാർ ദൗത്യത്തെ കോടതി അഭിനന്ദിച്ചു. തുടർന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി. ഡിസംബർ 10നും 12നും രണ്ട് സർക്കുലറുകൾ ഇറക്കിയെന്നും ഇതു തദ്ദേശ വകുപ്പിനും മറ്റു വകുപ്പുകള്‍ക്കും ബാധകമാണെന്നും അറിയിച്ചു. കോടതി ഉത്തരവ് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആകെ 95,000ത്തിലധികം അനധികൃത ബോർഡുകളും മറ്റും പൊതുസ്ഥലങ്ങളിൽനിന്ന് നീക്കി. പിഴയായി 95 ലക്ഷം രൂപ ചുമത്തി. ഇതിൽ 14 ലക്ഷം രൂപ ഇതിനകം ലഭിച്ചെന്നും അവർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിൽനിന്നു മാത്രം 9 ടൺ അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്തു. പുനരുപയോഗിക്കാവുന്നവ ആ രീതിയിലും അല്ലാത്തവ മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ എന്തിനാണ് തദ്ദേശസ്ഥാപനങ്ങൾ ഈ ഭാരം ഏറ്റെടുക്കുന്നതെന്ന് കോടതി ആരാഞ്ഞു. ഇവ സ്ഥാപിച്ചവർ തന്നെ അവ നീക്കം ചെയ്തു നശിപ്പിക്കുന്നതാകും നല്ലത്. ഇത്രയധികം മാലിന്യം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവും കൂടി ആലോചിക്കണമെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള വ്യക്തിപരമായ താൽപര്യങ്ങളുമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി എന്നാൽ ഉത്തരവുകളുടെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാൻ ചിലരെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. കൂലിത്തല്ലുകാർ കാത്തിരിക്കട്ടെ, അവരെ സമയമാകുമ്പോള്‍ കണ്ടുകൊള്ളാം. കോടതിയുടെ ശക്തി എന്താണെന്ന് കാണാന്‍ പോകുന്നതേയുള്ളൂ. ഒരാളേയും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇതിനിടെ, ഓരോ ബോർഡിനും പിഴ ഈടാക്കുന്നതിനു പകരം അനധികൃത ബോർഡുകളും മറ്റും വയ്ക്കുന്ന പരിപാടിക്ക് പിഴ ഈടാക്കുന്നതു സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി സമ്മതിച്ചില്ല.
യാതൊരു വിധത്തിലും ഈ ദൗത്യം പരാജയപ്പെടാൻ അനുവദിക്കില്ല. രാഷ്ട്രീയ പാർട്ടികൾ അനധികൃത ബോർഡുകൾ സ്ഥാപിക്കാതിരുന്നാൽ സിനിമാക്കാരും മതസംഘടനകളുെമാക്കെ അത് പിന്തുടരും. അനുമതിയോടു കൂടിയും സ്വകാര്യ സ്ഥലങ്ങളിലും ബോർഡുകൾ വയ്ക്കുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ അനധികൃത ബോർഡുകളും മറ്റും നിമിത്തം എത്ര അപകടങ്ങളാണ് ഉണ്ടാകുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വ്യക്തമാക്കി.