മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി: 22,800 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നു നിർമല
Mail This Article
ന്യൂഡൽഹി ∙ രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുൾപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആകെ 22,800 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടെടുത്തെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. വിവിധ ബാങ്കുകളിൽ നിന്നുള്ള 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യം വിട്ടത്. നീരവ് മോദിയുടെ 1053 കോടി രൂപ തിരിച്ചെത്തിയെന്നും ലോക്‌സഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ മന്ത്രി പറഞ്ഞു.
പഞ്ചാബ് നാഷനൽ ബാങ്കിന്റെ 13,000 കോടി വെട്ടിച്ച് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ സ്വത്തുക്കൾ വിൽക്കാൻ ഇ.ഡിയും ബാങ്കുകളും ചേർന്ന് മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ട്. ചോസ്‌കിയുടെ ഉൾപ്പെടെ ഇ.ഡി കണ്ടുകെട്ടിയ 2,566 കോടിയുടെ സ്വത്തുവകകൾ മൂല്യനിർണയം നടത്തി ലേലം ചെയ്തു വിൽക്കാനും അതു ബന്ധപ്പെട്ട ബാങ്കുകളിലേക്ക് മാറ്റാനും കോടതി നിർദേ ശം നൽകി.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ഉറച്ചനിലപാടാണ് സ്വീകരിക്കുന്നത്. ഇനിയും പോരാട്ടം ശക്തമായി തുടരും. തട്ടിയെടുത്ത സ്വത്തുക്കൾ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉടമസ്ഥർക്കു തിരികെ നൽകും. 2024 ജൂൺ വരെ, കള്ളപ്പണ നിയമത്തിനു കീഴിൽ 697 കേസുകളിലായി 17,520 കോടിയിലധികം രൂപയുടെ വിവിധ കേസുകൾ രാജ്യത്ത് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 163 കേസുകളിൽ നിയമനടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.