ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്: ജെപിസി അംഗങ്ങളുടെ പട്ടികയിൽ പ്രിയങ്കയും മനീഷ് തിവാരിയും?
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിൽ അവതരിപ്പിച്ച ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിയിലേക്കുള്ള (ജെപിസി) കോൺഗ്രസ് അംഗങ്ങളുടെ പട്ടികയിൽ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയുമുണ്ടെന്ന് സൂചന.
പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രൺദീപ് സിങ് സുർജേവാലയെയും സുഖ്‌ദേവ് ഭഗത് സിങ്ങിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സാകേത് ഗോഖലെയും കല്യാൺ ബാനർജിയുമാണ് തൃണമൂൽ കോൺഗ്രസിൽനിന്നും ജെപിസി അംഗങ്ങളാവുക. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ മണിക്കൂറുകളോളം രൂക്ഷമായ വാദപ്രതിവാദമാണു നടന്നത്.
269 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 198 പേർ എതിർത്തു. തുടർന്നാണു ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടത്. പാർട്ടി വിപ് നൽകിയിട്ടും ‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് ലോക്സഭയിൽ 20 ബിജെപി അംഗങ്ങൾ ഉണ്ടായിരുന്നില്ല. പങ്കെടുക്കാത്ത അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകും. നിതിൻ ഗഡ്ഗരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലെത്തിയില്ല.