പുഷ്പ2 വിജയാഘോഷത്തിനു നീക്കം; മൗനം തുടർന്ന് പവൻ കല്യാൺ: എല്ലാ കണ്ണുകളും ചിരഞ്ജീവിയിലേക്ക്
Mail This Article
ഹൈദരാബാദ് ∙ പുഷ്പ2 റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയില്‍ നടൻ അല്ലു അർജുനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും തമ്മിലുള്ള അകൽച്ച തുടരുന്നു. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിരക്കിൽപ്പെട്ട് യുവതി മരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും അല്ലുവിന്റെ അറസ്റ്റിലും പവൻ കല്യാൺ മൗനം തുടരുന്നതാണ് ഇരുവരും തമ്മിലുള്ള ബന്ധം മോശമാണെന്ന വാർത്തകളെ ശരിവയ്ക്കുന്നത്. മരിച്ച രേവതിയുടെ ഒൻപതുകാരനായ മകൻ ശ്രീതേജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതോടെ ഹൈദരാബാദ് പൊലീസിന്റെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലാണ് തെലുങ്കു സിനിമാലോകം.
അറസ്റ്റിനു ശേഷം വിഷയത്തിൽ പ്രതികരിക്കാനോ അല്ലു അർജുനുമായി സംസാരിക്കാനോ പവൻ കല്യാൺ തയാറായിട്ടില്ല. ദീർഘനാളായി അടുപ്പത്തിലായിരുന്ന അല്ലു കുടുംബവും കൊനിഡേല കുടുംബവും തമ്മിൽ അകലുന്നുവെന്ന സൂചനകളാണ് അല്ലുവിന്റെ അറസ്റ്റിനു പിന്നാലെ പുറത്തുവന്നത്. എന്നാൽ കൊനിഡേല കുടുംബാംഗവും അല്ലുവിന്റെ അമ്മാവനുമായ ചിരഞ്ജീവി, അല്ലുവിനെ കാണാനെത്തുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരൻ നാഗേന്ദ്ര ബാബു അടക്കമുള്ളവരും അല്ലു അർജുനു പിന്തുണയുമായി എത്തിയെങ്കിലും പവൻ കല്യാൺ മൗനത്തിലാണ്.
എന്നാൽ അല്ലു അർജുനും പവൻ കല്യാണിനുമിടയിലെ മഞ്ഞുരുക്കാൻ ചിരഞ്ജീവി തന്നെ നേരിട്ടെത്തിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് പുഷ്പ 2ന്റെ വിജയാഘോഷം ആന്ധ്രപ്രദേശിൽ അതിവിപുലമായി ആഘോഷിക്കാൻ അണിയറപ്രവർത്തകർ നീക്കം നടത്തുന്നത്. വിജയാഘോഷത്തിന് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ അനുമതി നിർണായകമാണ്. അതിനാൽ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ അല്ലു അർജുൻ – പവൻ കല്യാൺ കൂടിക്കാഴ്ച വൈകാതെ നടന്നേക്കുമെന്നാണ് സൂചന.
ആന്ധ്രയിലും തെലങ്കാനയിലും രാഷ്ട്രീയ വിവാദങ്ങൾക്കു വഴിവച്ച അറസ്റ്റിൽ അല്ലു അർജുന് കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട്. ആന്ധ്രയിൽ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും അല്ലുവിന് പിന്തുണയുമായി എത്തി. തെലങ്കാനയിലാകട്ടെ ബിആർഎസും ബിജെപിയും താരത്തിന്റെ അറസ്റ്റിനെ ശക്തമായാണ് അപലപിച്ചത്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ കോൺഗ്രസ് സർക്കാർ അല്ലുവിന് ഇടക്കാല ജാമ്യം ലഭിച്ചതിനെ എതിർത്ത് സുപ്രീം കോടതിയെ സമീപിച്ചതുമില്ല. പവൻ കല്യാണിന്റെ ജനസേനയും വൈകാതെ അല്ലുവിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ചിരഞ്ജീവിയുടെ ഇടപെടൽ പവൻ കല്യാണിനും അല്ലു അർജുനുമിടയിലുള്ള മഞ്ഞുരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.