ADVERTISEMENT

മോസ്കോ ∙ ഭീകരസംഘടനകളായി മുദ്ര കുത്തപ്പെട്ട സംഘങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കാൻ കോടതിക്ക് അനുവാദം നൽകുന്ന നിയമത്തിനു സാധുത നൽകി റഷ്യ. പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യുമയിലാണു നിയമം പാസായത്. ഇതോടെ അഫ്ഗാനിലെ താലിബാൻ ഭരണകൂടം, സിറിയയിലെ വിമത സഖ്യമായ എച്ച്ടിഎസ് എന്നിവരുടെ നിരോധനം നീക്കിയേക്കും. ഇവരുമായി ഭാവിയിൽ റഷ്യ മികച്ച ബന്ധം തുടർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

2003 ഫെബ്രുവരിയിലാണു റഷ്യ ലോകത്തിലെ നിരോധിത ഭീകരവാദ സംഘടനകളുടെ പട്ടിക തയാറാക്കിയത്. പട്ടികയിൽ അഫ്‌ഗാൻ താലിബാനെ ആദ്യ വർഷംതന്നെ റഷ്യ ഉൾപ്പെടുത്തി. എച്ച്ടിഎസിനെ 2020ലും പട്ടികയിൽപ്പെടുത്തി. 20 വർഷം നീണ്ട സൈനിക നടപടികൾക്കുശേഷം 2021ൽ യുഎസ് സൈന്യം അഫ്‌ഗാനിൽനിന്നു പിൻമാറിയതിനു പിന്നാലെ അധികാരം പിടിച്ചെടുത്ത താലിബാനുമായി റഷ്യ അടുത്ത ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ താലിബാൻ ഇപ്പോൾ സഖ്യകക്ഷിയാണെന്നാണു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ജൂലൈയിൽ പറഞ്ഞത്. എന്നാൽ പട്ടികയിൽനിന്നു മാറ്റിയാലും അതു താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നുവെന്ന അർഥമില്ലെന്നാണു സൂചന.

ഇതുവരെ ഒരു രാജ്യവും അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത എച്ച്ടിഎസിനെ പട്ടികയിൽനിന്നു മാറ്റണമെന്ന ആവശ്യവും റഷ്യയിൽ ഉയർന്നിട്ടുണ്ട്. സിറിയയുടെ പുതിയ ഭരണകൂടവുമായി ബന്ധമുണ്ടാക്കണമെന്നും ഇനിയുമൊരു കലാപത്തിലേക്കു രാജ്യം ചെന്നുവീഴാതെ സ്ഥിരത ഉറപ്പാക്കുന്നതിനുമാണിതെന്നു റഷ്യയുടെ മുസ്‌ലിം മേഖലയായ ചെച്നിയയിൽനിന്നുള്ള നേതാവ് റംസാൻ കാദ്രോവ് തിങ്കളാഴ്ച പറഞ്ഞിരുന്നു. 

അഫ്ഗാനിസ്ഥാൻ മുതൽ മധ്യപൂർവദേശം വരെ പല രാജ്യങ്ങളിലെയും ഭീകരസംഘങ്ങളിൽനിന്നു ശക്തമായ ഭീഷണി റഷ്യ നേരിടുന്നുണ്ട്. അസദിന്റെ വീഴ്ചയോടെ ആ മേഖലയിലെ പ്രധാന സഖ്യകക്ഷിയെയാണു നഷ്ടമായത്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ നാവിക, വ്യോമ താവളങ്ങൾ സ്ഥാപിച്ച് (സിറിയയിലെ ടാർട്ടസ് തുറമുഖം, മെയ്മിം വ്യോമ താവളം) അമേരിക്കൻ മേധാവിത്തത്തെ നേരിടുകയായിരുന്നു റഷ്യ. പുതിയ നേതൃത്വവുമായി ബന്ധം സ്ഥാപിക്കാനാണു റഷ്യയുടെ ശ്രമം. അങ്ങനെ വന്നാൽ ഈ നാവിക, വ്യോമ താവളങ്ങൾ വീണ്ടും ഉപയോഗിക്കാൻ റഷ്യയ്ക്കു കഴിഞ്ഞേക്കും.

English Summary:

Russia's New Law Could Lift Bans on Taliban and HTS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com