ADVERTISEMENT

പുത്തൂർ ∙ തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ് പത്തുകിലോമീറ്ററോളം ഒഴുകിയ ശേഷം രക്ഷപ്പെട്ട് വാർ‌ത്തകളിൽ നിറഞ്ഞ വീട്ടമ്മയെ കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (62)യാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭർത്താവും മകനും പുറത്തുപോയി തിരികെ എത്തിയപ്പോഴാണു ശ്യാമളയമ്മ മുറിക്കുള്ളി‍ൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് ഗോപിനാഥൻപിള്ള. മകൻ മനോജ് കുമാർ.

തൊഴിലുറപ്പു തൊഴിലാളിയായിരുന്ന ശ്യാമളയമ്മ ഈ വർഷം മേയ് അവസാനമാണ് കുളക്കടയിൽ കല്ലടയാറ്റിൽ വീണ്10 കിലോമീറ്ററോളം ഒഴുകിയത്. ചെറുപൊയ്ക മംഗലശേരി കടവിലെത്തിയപ്പോൾ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വീടിനു സമീപത്തെ ആറ്റുകടവിൽ തുണി കഴുകാനിറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് അന്നു ശ്യാമളയമ്മ പറഞ്ഞത്.

ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുകിയ ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നതു കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല. ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്.

English Summary:

Housewife Found Dead : housewife Shyamala Amma, previously rescued after being swept away by the Kallat River, was found dead by hanging. The police have registered a case of unnatural death, prompting an investigation into the circumstances surrounding her passing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com