ADVERTISEMENT

എഡിജിപി എം.ആർ.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽരകാനുള്ള മന്ത്രിസഭാ യോഗ തീരുമാനവും 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയതും പുഷ്പ 2 ആദ്യദിന പ്രദർശനത്തിനിടെയുണ്ടായ തിരക്കിൽ പരുക്കേറ്റ കുട്ടി മരിച്ചതുമെല്ലാമാണ് ഇന്നത്തെ പ്രധാന വാർത്തകൾ

പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. തിരക്കിൽ കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടർന്ന് നടൻ അല്ലു അർജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറോക്ക്, പട്ടാമ്പി നഗരസഭകൾക്ക് പുറമേ പടന്ന ഗ്രാമപഞ്ചായത്തിന്റെയും വാർഡ് വിഭജന വിജ്ഞാപന ഉത്തരവാണു ഹൈക്കോടതി റദ്ദാക്കിയത്. ഈ തദ്ദേശ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് കൗൺസിലർമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ലോക്സഭയിൽ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന പാർട്ടിയാണ്. കോൺഗ്രസ് അംബേദ്കർവിരോധി പാർട്ടിയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ അപമാനിച്ചതു കോൺഗ്രസാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുന്നതിനു സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു. 

English Summary:

Latest News : Today's Recap 18-12-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com