മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് കോൺഗ്രസ് എംഎൽഎ; തകർക്കാനുള്ള ശ്രമമെന്ന് ആദിത്യ താക്കറെ
Mail This Article
മുംബൈ∙ മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്താനുള്ള ഒരു ശ്രമവും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട സഖ്യകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎയെ ശാസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിലെ ബെൽഗാവിയെ കേന്ദ്രഭരണ പ്രദേശമാക്കാൻ മഹാരാഷ്ട്രയിലെ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ മുംബൈയേയും കേന്ദ്രഭരണ പ്രദേശമാക്കണമെന്ന കർണാടക കോൺഗ്രസ് എംഎൽഎ ലക്ഷ്മൺ സവാദിയുടെ പരാമർശത്തിലാണ് ആദിത്യ താക്കറെയുടെ മറുപടി.
മുംബൈയെ മാതൃഭൂമിയെന്ന് വിശേഷിപ്പിച്ച ആദിത്യ താക്കറെ മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം അപലപനീയമാണെന്നും പറഞ്ഞു. കോൺഗ്രസോ ബിജെപിയോ ആകട്ടെ, മുംബൈയെ തകർക്കാനുള്ള ഒരു ശ്രമവും ശിവസേന ഒരിക്കലും സഹിക്കില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ബെൽഗാം എന്നറിയപ്പെട്ടിരുന്ന കർണാടകയിലെ അതിർത്തി പട്ടണമായ ബെൽഗാവിയുടെ നിയന്ത്രണത്തെച്ചൊല്ലി മഹാരാഷ്ട്രയും അയൽ സംസ്ഥാനമായ കർണാടകയും പതിറ്റാണ്ടുകളായി തർക്കത്തിലാണ്. മറാത്തി സംസാരിക്കുന്ന നിരവധിയാളുകൾ ബെൽഗാവിയിലുണ്ട്.