തലസ്ഥാനത്ത് ‘ദേവന്‍ പ്രത്യക്ഷപ്പെട്ടാല്‍’ പണികിട്ടും; പുത്തരിക്കണ്ടം മൈതാനിയില്‍ ‘പടമായി’ രാഷ്ട്രീയ പ്രമുഖർ, ഇനി പുതിയ വെല്ലുവിളി
Mail This Article
തിരുവനന്തപുരം∙ നഗരത്തിന്റെ തെരുവോരങ്ങളില്‍ കാഴ്ചമറച്ച് ചിരിതൂകി നിന്ന രാഷ്ട്രീയപ്രമുഖര്‍ ഹൈക്കോടതി കണ്ണുരുട്ടിയതോടെ പുത്തരിക്കണ്ടം മൈതാനിയില്‍ പടമായി. കൊല്ലത്ത് കോടതി സമുച്ചയം ഉദ്ഘാനം ചെയ്യാനെത്തിയപ്പോള്‍ നിരത്തുനിറഞ്ഞു കണ്ട ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ തുടങ്ങിവച്ച നടപടികളാണ് തലസ്ഥാനത്ത് സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, വഞ്ചിയൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആയിരക്കണക്കിനു ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് ചരമക്കുറിപ്പായത്.
കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിഞ്ഞതോടെ അനുമതി ഇല്ലാതെ വച്ചിരിക്കുന്ന ഒരു ബോര്‍ഡ് പോലും നഗരത്തില്‍ ഇല്ല എന്നുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഓവര്‍സിയര്‍മാരും സാനിറ്ററി വര്‍ക്കര്‍മാരും അടങ്ങുന്ന പ്രത്യേക സംഘം. കൊല്ലത്തേതു പോലെ ഒരു സുപ്രഭാതത്തില്‍ തലസ്ഥാനത്ത് ‘ദേവന്‍ പ്രത്യക്ഷപ്പെട്ടാല്‍’ ഇനി നടപടി താക്കീതില്‍ ഒതുങ്ങില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പായിട്ടുണ്ട്. തുടര്‍ നടപടികള്‍ അറിയാന്‍ നഗരപ്രദക്ഷിണം നടത്തിയ ‘മനോരമ ഓണ്‍ലൈന്‍’ സംഘത്തിന് ലഭിച്ചതും പടുകൂറ്റന്‍ ബോര്‍ഡുകള്‍ മറയ്ക്കാത്ത കൂടുതല്‍ തെളിമയാര്‍ന്ന തലസ്ഥാനക്കാഴ്ചകള്‍ തന്നെ.
നഗരത്തിന്റെ വിവിധ മേഖലകളില്‍നിന്ന് അഴിച്ചുമാറ്റുന്ന അനധികൃത ബോര്‍ഡുകള്‍ കോര്‍പറേഷന്‍ വാഹനങ്ങളില്‍ പുത്തരിക്കണ്ടം മൈതാനത്തിന്റെ ഒരു ഭാഗത്തും ആറ്റുകാലിലെ സ്വകാര്യഭൂമിയിലുമാണ് കൂട്ടിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും നിറചിരി നിറഞ്ഞ ഫ്‌ളക്‌സുകള്‍ ലോറികളില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് വലിച്ചെറിയുന്ന കോര്‍പറേഷന്‍ ജീവനക്കാര്‍ കൂടുതല്‍ ബോര്‍ഡുകള്‍ ഒഴിവാക്കുന്ന തിരക്കിലാണ്.
‘‘മേളിലുള്ളവര്‍ പറയുന്ന പണി ഞങ്ങള്‍ ചെയ്യുന്നു. അത്രമാത്രം. ഫ്ലക്സില്‍ മുഖ്യമന്ത്രിയാണോ പ്രധാനമന്ത്രിയാണോ മന്ത്രിയാണോ എന്നൊന്നും ഞങ്ങള്‍ നോക്കുന്നില്ല’’- ഒരു ജീവനക്കാരന്റെ പ്രതികരണം ഇങ്ങനെ. അതേസമയം, ഇപ്പോള്‍ ബോര്‍ഡുകള്‍ മാറ്റിയെങ്കിലും കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്ലാം പഴയപടിയാകുമെന്നാണ് നഗരത്തിലെ കച്ചവടക്കാരും നാട്ടുകാരും ആശങ്കപ്പെടുന്നത്.
നഗരത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞിരുന്നത് സെക്രട്ടേറിയറ്റ് പരിസരത്താണ്. മിക്കവാറും ഭാഗങ്ങളിലെ ബോര്‍ഡുകളും മാറ്റിക്കഴിഞ്ഞു. കാഴ്ച തെളിഞ്ഞതോടെ ഏറെനാളുകള്‍ക്കു ശേഷം മുടിവെട്ടിയൊതുക്കിയതുപോലെ സെക്രട്ടേറിയറ്റ് പരിസരം കൂടുതല്‍ സുന്ദരമായി. പ്രതിഷേധങ്ങളും അഭിനന്ദനങ്ങളും സംഘടനാ തിരഞ്ഞെടുപ്പും യോഗങ്ങളും ഉള്‍പ്പെടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫ്ലക്സ് അടിച്ച് സെക്രട്ടേറിയറ്റിനു ചുറ്റും തോന്നുന്ന സ്ഥലങ്ങളില്‍ വച്ചിട്ടുപോകുകയായിരുന്നു പതിവ്. പലപ്പോഴും തിരക്കേറിയ വഴികളിലെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ യൂടേണുകളില്‍ വരെ ഫ്‌ളകസുകള്‍ സ്ഥാനം പിടിച്ചിരുന്നു.
സ്റ്റാച്യൂ ജംക്‌ഷനിൽ ഇത്തരത്തില്‍ കാഴ്ച മറച്ചു വച്ചിരുന്ന ഫ്ലക്സുകള്‍ വലിയ തലവേദനയായിരുന്നുവെന്ന് ഇരുചക്ര വാഹനത്തില്‍ സെക്രട്ടേറിയറ്റിലേക്ക് എത്തിയ ജീവനക്കാരന്‍ പറഞ്ഞു. ‘‘ഒരുതരത്തില്‍ വലിയ അനുഗ്രഹമായി. ഏറ്റവും വലിയ ഫ്‌ളക്‌സ് വയ്ക്കാനാണ് എല്ലാവരും മല്‍സരിച്ചിരുന്നത്. ദേവകോപത്തില്‍ (ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍) ഫ്ലക്സുകള്‍ ചാമ്പലായി എന്നാണ് ഞങ്ങള്‍ തമാശയായി പറയുന്നത്. സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ ഫുട്പാത്തിലൂടെ നടക്കാന്‍ പോലും പറ്റാത്ത തരത്തിലാണ് ബോര്‍ഡുകള്‍ വച്ചിരുന്നത്. പരിപാടി കഴിഞ്ഞാല്‍ പോലും ആരും അഴിച്ചുമാറ്റാന്‍ വരുമായിരുന്നില്ല. ഈ കോര്‍പറേഷന്‍ അധികൃതര്‍ ഇത്രകാലം എന്തെടുക്കുകയായിരുന്നു. ഇതുപോലെ ഇനി സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകള്‍ കൂടി ജഡ്ജി ഇടപെട്ട് ഒഴിവാക്കണം. ഏതു കടലാസ് സംഘടന പ്രതിഷേധ സമരം നടത്തിയാലും സെക്രട്ടേറിയറ്റിനു മുന്നില്‍ വഴി മുടക്കിയാണ് ജാഥ നടത്തുന്നത്. ഹൈക്കോടതി വിധി ഉണ്ടായിട്ടും പൊലീസ് നോക്കി നില്‍ക്കുകയേ ഉള്ളൂ. രാവിലെ മിക്കപ്പോഴും വലിയ ബ്ലോക്കില്‍ പെടുന്ന അവസ്ഥയാണ്’’ - പേര് കൊടുത്താല്‍ പണിയാകുമെന്ന മുന്നറിയിപ്പോടെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ ആത്മരോഷം പ്രകടിപ്പിച്ചത്.
വെല്ലുവിളിയായി ടണ്‍കണക്കിന് മാലിന്യം
ഹൈക്കോടതി നിര്‍ദേശപ്രകാരം നീക്കുന്ന അനധികൃത ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും കൊടികളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ് കോര്‍പറേഷനു മുന്നിലുള്ള പുതിയ വെല്ലുവിളി. ടണ്‍കണക്കിന് മാലിന്യമാണ് ദിനംപ്രതി വന്നു നിറയുന്നത്. ഇവയൊന്നും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല എന്നതാണ് പ്രശ്‌നം. സംസ്‌കരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളില്ല. അജൈവ മാലിന്യം ശേഖരിക്കുന്ന ക്ലീന്‍ കേരള കമ്പനി പോലും ഫ്ളക്സ് ബോര്‍ഡുകളോ ബാനറുകളോ ശേഖരിക്കുന്നില്ല. ഇതുകാരണം പിടിച്ചെടുത്ത ബോര്‍ഡുകളും ബാനറുകളും എന്തു ചെയ്യണമെന്ന് കോര്‍പറേഷന് നിശ്ചയമില്ല. ചിലയിടങ്ങളില്‍ ആവശ്യക്കാര്‍ക്ക് തിരിച്ചുനല്‍കുന്നുണ്ട്.
പൊലീസിനും ഉത്തരവാദിത്തം
പൊതു സ്ഥലങ്ങളില്‍ ഇനി അനധികൃത ബോര്‍ഡുകള്‍ ഉണ്ടാകരുതെന്നും പിഴ ചുമത്തണമെന്നും ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്യണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തിയാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉത്തരവാദിയായിരിക്കും. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി സംസ്ഥാന പൊലീസ് മേധാവി 7 ദിവസത്തിനുള്ളില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ തുടര്‍ന്നും ബാധകമാണെന്നു വ്യക്തമാക്കി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.