ADVERTISEMENT

പാരിസ്∙ ഭാര്യയെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്യുകയും ബലാത്സംഗം ചെയ്യാൻ അന്യ പുരുഷന്മാരെ ക്ഷണിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിന് 20 വർഷം തടവ്. ഫ്രാൻസിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തു വർഷത്തോളമാണ് ഭാര്യയെ ഇങ്ങനെ പീഡിപ്പിച്ചത്. ജിസേല പെലിക്കോട്ടിനെ (72) പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിന് (72) 20 വർഷം തടവു വേണമെന്നാണ് പ്രോസിക്യൂട്ടർമാരും ആവശ്യപ്പെട്ടത്. 

ഗിസെലിനെ ബലാത്സംഗം ചെയ്തെന്നു കണ്ടെത്തി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ 50 പേരുടെ ശിക്ഷയും ഇന്ന് പ്രഖ്യാപിച്ചു. മൂന്നു മുതൽ 15 വർഷം വരെയാണ് തടവ്. നാലു മുതൽ 18 വർഷം വരെയാണ് ഇവർക്ക് പ്രോസിക്യൂട്ടർമാർ തേടിയിരുന്ന ശിക്ഷ. ദമ്പതികൾ സംഘടിപ്പിക്കുന്ന ഉഭയസമ്മതപ്രകാരമുള്ള സെക്സ് ഗെയിം ആണെന്നാണ് കരുതിയതെന്നായിരുന്നു പലരുടെയും വാദം. ഇതു കോടതി തള്ളി. ജിസേലയ്ക്ക് ഇത് അറിയില്ലെന്ന വിവരം വീട്ടിലേക്കു വിളിച്ചുവരുത്തിയ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് ഡൊമിനിക് പറഞ്ഞിരുന്നു. പത്തു ദിവസത്തിനുള്ളിൽ പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാം. 

വിചാരണയ്ക്കിടെ, തനിക്ക് അജ്ഞാതയായിരിക്കേണ്ടെന്നും അതിജീവിതയായ താനല്ല ലജ്ജിച്ച് തല താഴ്‌ത്തേണ്ടതെന്നും അഭിപ്രായപ്പെട്ട അവർ തന്റെ പേരും ചിത്രവും വാർത്തകളിൽ വരുന്നതിന് അനുവാദം നൽകിയിരുന്നു. പ്രതികളുടെ മുഴുവൻ ശിക്ഷയും പ്രഖ്യാപിച്ചു തീരുന്നതുവരെ ജിസേല കോടതിമുറിയിൽ ഇരുന്നിരുന്നു. ഇടയ്ക്ക് അവർ ഭിത്തിയിൽ തലചായ്ക്കുകയും ചെയ്തു. മക്കളായ ഡേവിഡ്, കരോളിൻ, ഫ്ലോറിയൻ എന്നിവരും വിധി കേൾക്കാൻ അമ്മയ്ക്കൊപ്പം കോടതിയിൽ എത്തിയിരുന്നു.

English Summary:

Husband receives 20-year prison sentence for raping his wife. Fifty other men involved in the decade-long abuse also received sentences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com