ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകാമെന്നു ഹൈക്കോടതി. മൊഴി നൽകിയവർക്കു ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ നിയോഗിച്ച നോഡൽ ഓഫിസറെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എഐജി ജി.പൂങ്കുഴലിയാണ് നോഡൽ ഓഫിസർ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും കോടതിയെ സർക്കാർ അറിയിച്ചു. 

സാക്ഷികള്‍ക്കു ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫിസര്‍ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫിസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു.

റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ശേഷം മൊഴി നൽകാൻ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടു എന്ന് രഞ്ജിനി വ്യക്തമാക്കി. നേരത്തേ മൊഴി നൽകിയപ്പോൾ വ്യക്തിഗത വിവരങ്ങൾ പുറത്തു വന്നിരുന്നില്ലെന്നും എന്നാൽ സുപ്രീം കോടതിയിൽ പോയപ്പോൾ ഈ വിവരങ്ങൾ പുറത്തുവന്നതുകൊണ്ടായിരിക്കാം മൊഴി നൽകാൻ വിളിച്ചതെന്നും കോടതിയും അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന‌ശേഷം പരാതി നല്‍കിയവരെ അവര്‍ ഉള്‍പ്പെട്ട സംഘടനകളില്‍നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പുറത്താക്കാന്‍ നോട്ടിസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി.

English Summary:

Film industry exploitation : Film industry exploitation in Kerala is being addressed by the Kochi High Court. The court has established a process for filing complaints and ensuring the safety of witnesses, with a deadline of January 31st for new complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com