ക്രിസ്മസ് തിരക്കിനിടെ റെയിൽവേയുടെ ക്രൂരത; കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി

Mail This Article
തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര തിരക്കിനിടെ കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. കേരളത്തിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമായിരുന്ന സർവീസാണിത്. മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമായതിനാൽ ഏറെ ജനപ്രിയ സർവിസായി ഇത് മാറിയിരുന്നു.
നൂറിനു മുകളിൽ വെയ്റ്റ് ലിസ്റ്റുണ്ടായിരുന്ന സർവിസാണ് റദ്ദാക്കിയത്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാൽ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന് പുറപ്പെട്ടിരുന്ന സ്പെഷൽ ട്രെയിൻ. ഇത് പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ റദ്ദാക്കിയത്. അവധിക്കാല തിരക്കു മൂലം ടിക്കറ്റ് കിട്ടാനില്ലാത്ത സമയത്ത് ട്രെയിൻ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാരെ കൂടുതൽ വലയ്ക്കും.