കേരളത്തിനു വിയോജിപ്പ്; പമ്പ-അച്ചന്‍കോവില്‍ നദീസംയോജന പദ്ധതി ചർച്ച ചെയ്യാതെ ജല വികസന ഏജന്‍സി
Mail This Article
തിരുവനന്തപുരം∙ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ കേരളം ഉയര്‍ത്തിയ ശക്തമായ വിയോജിപ്പ് ഫലം കണ്ടു. ദേശീയ ജല വികസന ഏജന്‍സി ഇന്നു ചേര്‍ന്ന യോഗത്തിന്റെ അജണ്ടയിൽനിന്ന് വിഷയം ഒഴിവാക്കി. ഇതോടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
എജിഎമ്മിന്റെ കരട് അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനം വിയോജിപ്പ് അറിയിച്ചു കത്തയച്ചിരുന്നു. പമ്പയും അച്ചന്‍കോവിലും അന്തര്‍ സംസ്ഥാന നദികളല്ലെന്നും കേരളത്തിനുള്ളില്‍ മാത്രം ഒഴുകുന്ന നദികളാണെന്നും അതുകൊണ്ടുതന്നെ കേരളത്തിന്റെ അനുമതിയില്ലാതെ ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തരുതെന്നുമായിരുന്നു കേരളം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഇന്നത്തെ മുഖ്യ അജണ്ടയില്‍നിന്ന് ഈ വിഷയം ഒഴിവാക്കിയത്. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനിൽ പങ്കെടുത്തു.
പമ്പ, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നു പ്രതിവര്‍ഷം 63.4 കോടി ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് പശ്ചിമഘട്ടത്തിലൂടെ ടണല്‍വഴി തിരിച്ചുവിടുന്നതാണു നദീസംയോജന പദ്ധതി. ഈ വെള്ളം തമിഴ്നാട്ടിലെ തിരുനെല്‍വേലി, വിരുദനഗര്‍, കാമരാജര്‍ ജില്ലകളിലെ 91,400 ഹെക്ടര്‍ പ്രദേശത്തെ കൃഷി ആവശ്യത്തിനു വിനിയോഗിക്കാനാണ് ആലോചന. കേരളത്തിന്റെ അനുമതി ഇല്ലാതെ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി നടപ്പാക്കില്ലെന്നു 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്.
എന്നാല്‍ തമിഴ്നാടിന്റെ സമ്മര്‍ദത്തിനു വഴങ്ങി 1397.91 കോടിയുടെ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ദേശീയ ജലവികസന ഏജന്‍സി. ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതി.