കൊച്ചിയിൽ അമ്മയുടെ മൃതദേഹം മുറ്റത്തു കുഴിച്ചിടാൻ ശ്രമം; അയൽക്കാർ അറിയിച്ചു, മകൻ പിടിയിൽ
Mail This Article
കൊച്ചി∙ അമ്മയുടെ മൃതദേഹം മുറ്റത്തു കുഴിച്ചുമൂടാന്‍ ശ്രമിച്ച മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെണ്ണല സ്വദേശി അല്ലി (72) മരിച്ചതിനു പിന്നാലെയാണ് മകൻ പ്രദീപ് (45) മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിച്ചത്. അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമ്മ മരിച്ചിട്ടും സംസ്കരിക്കാൻ ആരും സഹായിക്കാത്തതിനാലാണു ഇക്കാര്യം ചെയ്യാൻ ശ്രമിച്ചത് എന്നാണ് പ്രദീപ് പൊലീസിനോടു പറഞ്ഞത്. കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
രാവിലെയാണ് പ്രദീപ് മുറ്റത്തു കുഴിയെടുക്കുന്നതു കണ്ട് അയൽക്കാർ പൊലീസിൽ അറിയിച്ചത്. അയൽക്കാരുമായി നല്ല ബന്ധത്തിലല്ല ഈ കുടുംബം. മദ്യപനായ പ്രദീപ് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നും അയൽക്കാർ പറഞ്ഞു. പ്രദീപും ഇളയ മകനും അമ്മയുമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രദീപിന്റെ മദ്യപാനവും വഴക്കും മൂലം ഭാര്യയും മൂത്ത മകനും ഭാര്യയുെട വീട്ടിലാണു താമസം. പ്രദീപിന്റെ മൂത്ത സഹോദരി കാക്കനാട്ടാണു താമസം.
കുറച്ചുകാലമായി അല്ലി അസുഖബാധിതയാണെന്നാണ് അറിയുന്നത്. പ്രദീപ് ഇന്നലെ ഇവരെയുമൊത്ത് ആശുപത്രിയില്‍ പോയിരുന്നു. ടയർ കട നടത്തിയാണ് ഈ കുടുംബം ജീവിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ഇതു തുറന്നിട്ടില്ലെന്നും പ്രദീപ് നിരന്തരം മദ്യലഹരിയിൽ ആയിരുന്നെന്നും അയൽക്കാർ പറഞ്ഞു. അമ്മയുടെ മൃതദേഹം കുഴിച്ചിടാൻ ശ്രമിക്കുമ്പോഴും മദ്യലഹരിയിലായിരുന്നു ഇയാൾ.