വിചാരണ ആരംഭിക്കാൻ വൈകുന്നതെന്ത്? അഭിമന്യു കൊലപാതക കേസിൽ റിപ്പോർട്ട് തേടി ഹൈക്കോടതി
Mail This Article
കൊച്ചി ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണു കോടതി നടപടി. റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു ജസ്റ്റിസ് കൗസർ എഡപ്പഗത്ത് നിർദേശം നൽകി. കേസ് വീണ്ടും ജനുവരി 17ന് പരിഗണിക്കും.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് 2018 ജൂലൈ 2ന് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാംപസില്‍ നിലനിന്നിരുന്ന തർക്കത്തിനു പിന്നാലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. തുടർന്ന് 2018 സെപ്തംബർ 26ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അഭിമന്യുവിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന് നഷ്ടമായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചു. കേസിലെ നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. ഇവരിൽ പലരും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂർത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമൻസ് നൽകാൻ പോലും ബുദ്ധിമുട്ടാണ്. കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരിൽ പലരെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ നിന്ന് അഭിമന്യു വധക്കേസിന്റെ കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകൾ മോഷണം പോയ സംഭവം റിപ്പോർട്ട് ചെയ്തത്. നഷ്ടപ്പെട്ട രേഖകൾ ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷൻ പുനർനിർമിച്ചിരുന്നു.