‘എംപിക്ക് ബാഗുകൾ വളരെ ഇഷ്ടം’: പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽ നിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എഴുതിയിരിക്കുന്നത്. 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തിട്ടുള്ളതെന്ന് പുതു തലമുറ ഓർക്കണമെന്നും അതിനു വേണ്ടിയാണ് പ്രിയങ്കയ്ക്ക് താൻ ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു.
‘‘ബഹുമാനപ്പെട്ട എംപിക്ക് ബാഗുകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഞാനും അവർക്ക് ഒന്ന് സമ്മാനിച്ചു. സ്വീകരിക്കാൻ ആദ്യം അവർ വിസമ്മതിച്ചെങ്കിലും അവർ പിന്നീടത് കൈപ്പറ്റി.’’– അപരാജിത പറഞ്ഞു. ശീതകാല സമ്മേളനത്തിൽ പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ പടമുള്ള ബാഗും ബംഗ്ലദേശിൽ ന്യൂനപക്ഷ ആക്രമണങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ ബാഗും ധരിച്ച് പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു.