അപകീർത്തിക്കേസ്: കെ.സുരേന്ദ്രൻ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകേണ്ട; ഇളവ് നൽകി ഹൈക്കോടതി
Mail This Article
കൊച്ചി ∙ വിവാദ ‘ദല്ലാൾ’ നന്ദകുമാറിന്റെ പരാതിയിലെടുത്ത അപകീർത്തി കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഇളവ്. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നാളെ ഹാജരാകണമെന്ന നോട്ടിസ് ലഭിച്ചിരിക്കെയാണു ഹൈക്കോടതി ഇടപെടൽ. കെ.സുരേന്ദ്രൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുൺ ഇളവ് അനുവദിച്ചത്. ഹർജിയിൽ പരാതിക്കാരനായ ടി.ജി.നന്ദകുമാറിനു ഹൈക്കോടതി നോട്ടിസ് അയച്ചു. തന്നെ ‘കാട്ടുകള്ളൻ’, ‘വിഗ്രഹം മോഷ്ടിച്ചയാൾ’ എന്നിങ്ങനെ സുരേന്ദ്രൻ വിളിച്ചുവെന്നും ഇത് അപകീർത്തികരമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നന്ദകുമാർ പരാതി നൽകിയത്.
പരസ്യമായി മാപ്പു പറയുക, ഇല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക എന്നായിരുന്നു നന്ദകുമാറിന്റെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും ഉത്തരവാദിത്തമില്ലാതെ പ്രസ്താവനകൾ നടത്തില്ലെന്നും ഹർജിയിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പരാതിക്കാരനെതിരെ നടത്തിയെന്നു പറയുന്ന പ്രയോഗങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചതാണെന്നും സുരേന്ദ്രൻ വാദിച്ചു. അതുകൊണ്ടു തന്നെ ഇതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ സമയത്തായിരുന്നു വിവാദ സംഭവം. ബിജെപി പത്തനംതിട്ട ലോക്സഭാ സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണി, സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നു ടി.ജി.നന്ദകുമാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു കെ.സുരേന്ദ്രനും അനിൽ ആന്റണിയും വിവാദ‘ദല്ലാളി’നെതിരെ രംഗത്തെത്തിയത്. തുടർന്ന് ഈ പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്ന് കാണിച്ച് നന്ദകുമാർ പരാതി നൽകുകയായിരുന്നു.