മഞ്ഞപ്പിത്ത ഭീതിയിൽ കളമശേരി നഗരസഭ; രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്, ലക്ഷണങ്ങൾ മുപ്പതോളം പേർക്ക്; അതീവജാഗ്രത
Mail This Article
കൊച്ചി ∙ നഗരത്തിൽ മഞ്ഞപ്പിത്ത വ്യാപനം സ്ഥിരീകരിച്ചതോടെ കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ മൂന്നു വാർഡുകളിൽ അതീവ ജാഗ്രത. നഗരസഭയിലെ 10, 12, 14 വാര്‍ഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി 13 പേര്‍ക്കാണു ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ക്കാണു രോഗ ലക്ഷണമുള്ളത്.
നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നതായാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. രോഗവ്യാപനം നടന്ന മേഖലകളില്‍ ക്ലോറിനേഷന്‍ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പെരിങ്ങഴ വാർഡിൽ മാത്രം രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10, 12 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗബാധ ഉണ്ടായിക്കുന്നത്. കഴിഞ്ഞയാഴ്ച 2 കേസുകൾ മാത്രമായിരുന്നു ഇവിടെ റിപ്പോർട്ട് ചെയ്തത്.
വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണു മിക്കവരും ആശുപത്രിയിലെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി സൂപ്പര്‍ ഡ്രൈവ് ആരംഭിച്ചതായി കളമശ്ശേരി നഗരസഭാ ചെയര്‍പഴ്‌സൻ സീമ കണ്ണൻ അറിയിച്ചു. ഹോട്ടലുകളിലെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളവയും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തു വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു 4 പേർ മരിക്കുകയും 250ലേറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കുടിവെള്ള സ്രോതസിൽ മാലിന്യം കലർന്നതാണെന്ന് ആരോഗ്യവകുപ്പ് ആരോപിച്ചെങ്കിലും കാര്യമായ നടപടിയൊന്നും അന്ന് ഉണ്ടായില്ല. മാത്രമല്ല, രോഗം പടർന്നു പിടിച്ചിട്ടും ആരോഗ്യവകുപ്പ് കാര്യമായ പരിഗണന നൽകയില്ലെന്നും ആക്ഷേപമുയർന്നിരുന്നു. രോഗം ബാധിച്ചു ചികിത്സയ്ക്ക് ലക്ഷക്കണക്കിനു രൂപ ചെലവായവരെ സഹായിക്കാൻ ഒടുവിൽ പഞ്ചായത്ത് ധനസമാഹരണ യജ്ഞം നടത്തുകയായിരുന്നു.