‘ചോർത്തിയില്ല, പ്രവചിച്ചതാണ്; എല്ലാ വർഷവും സ്ഥിരമായി ചില ചോദ്യങ്ങൾ, വിദ്യാർഥികൾക്കു തന്നെ പ്രവചിക്കാം’
Mail This Article
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും മറ്റാരെങ്കിലും ചോർത്തിയതായി കരുതുന്നില്ലെന്നും എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്. ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഷുഹൈബ് പറഞ്ഞു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനായാസമായി, ഉറപ്പായും വരുന്ന കുറേ അധികം ചോദ്യങ്ങൾ നൽകാൻ സാധിക്കും. എല്ലാ വർഷവും സ്ഥിരമായി ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
ചില പാഠഭാഗങ്ങളിൽ നിന്നും സ്ഥിരമായി ചോദ്യം വരാറുണ്ട്. 40 മാർക്കിന്റെ പരീക്ഷയ്ക്ക് സാധാരണ 20 ചോദ്യങ്ങളാണുണ്ടാകുക. ഈ 20 ചോദ്യങ്ങളിൽ നിന്ന് 10 എണ്ണം വിദ്യാർഥികൾക്കു തന്നെ പ്രവചിക്കാൻ സാധിക്കും. കെമിസ്ട്രി പരീക്ഷയുടെ ചോർത്തിയെന്ന് പറയുന്ന ചോദ്യം വർഷങ്ങളായി സ്ഥിരമായി ചോദിക്കുന്നതാണെന്നും ഷുഹൈബ് പറഞ്ഞു.
വാർത്ത വരുന്നത് എംഎസ് സൊല്യൂഷൻസിനെതിരെ മാത്രമാണ്. എന്നാൽ മറ്റ് സ്ഥാപനങ്ങളുടെ പേര് വരുന്നില്ല. വലിയ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഇത്തരം സ്ഥാപനങ്ങളുടെയെല്ലാം പിന്നിൽ. എംഎസ് സൊല്യൂഷൻസ് പറയുന്ന ചോദ്യങ്ങൾ കൃത്യമായി വന്നതുകൊണ്ടാണ് മറ്റു സ്ഥാപനങ്ങൾ തന്നെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയത്. മുൻപ് തന്നെ പല സ്ഥാപനങ്ങളും ചോദ്യങ്ങൾ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. പ്രവചിച്ച ചോദ്യങ്ങൾ ചോദ്യക്കടലാസിൽ വന്നുവെന്നറിയിച്ച് വരെ വിഡിയോ പുറത്തുവിട്ടു. മറ്റു സ്ഥാപനങ്ങൾ ചോർത്തിയെന്ന് കരുതുന്നില്ല. എന്നാൽ താൻ ചോർത്തിയെന്ന് പറയുന്ന സാഹചര്യത്തിൽ അവർ പുറത്തുവിട്ട ചോദ്യങ്ങളും പരിശോധിക്കണമെന്നും ഷുഹൈബ് ആവശ്യപ്പെട്ടു.
കോഴിക്കോട് യോഗം ചേർന്ന് തുടർനടപടികളെക്കുറിച്ച് ചർച്ച ചെയ്തു. എംഎസ് സൊല്യൂഷൻസ് പരൽമീനാണെന്നും വമ്പൻ സ്രാവുകൾ വേറെയുണ്ടെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയാൽ സിപിഎം പ്രവർത്തകരായിരിക്കും കുടുങ്ങുക എന്നും അദ്ദേഹം പറഞ്ഞു.