ADVERTISEMENT

കൽപറ്റ∙ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. lsgkerala.gov.in, wayanad.gov.in എന്നീ വെബ്സൈറ്റുകളിൽ കരട് പട്ടിക പരിശോധനയ്ക്കായി ലഭിക്കും.

അപകട മേഖലയിലെ വാസയോഗ്യമല്ലെന്നു കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെയാണു പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കുക. പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച  ആക്ഷേപങ്ങള്‍ 2025 ജനുവരി 10 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ് എന്നിവ വഴിയും subcollectormndy@gmail.com എന്ന ഇമെയില്‍ വഴിയും സ്വീകരിക്കും.

കരട് പട്ടികയിലെ ആക്ഷേപങ്ങളിന്‍മേല്‍ സബ് കലക്ടര്‍ സ്ഥലപരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരില്‍കണ്ടു ആക്ഷേപത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും. ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി മുതല്‍ 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്. അന്തിമ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സര്‍ക്കാരിലെ ദുരന്തനിവാരണ വകുപ്പിനു നല്‍കണം.

English Summary:

Mundakkayi-Chooralmal landslide victims' rehabilitation: A draft list of 388 families is published, with objections accepted until January 10, 2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com