‘ഐ ആം അംബേദ്കർ’ പ്ലക്കാർഡുമായി പ്രതിപക്ഷ പ്രതിഷേധം; രാഹുലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എൻഡിഎ
Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം. സഭയ്ക്കകത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചതോടെ ലോക്സഭ പിരിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്.
അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തി. ‘ഐ ആം അംബേദ്കർ’ എന്ന പ്ലക്കാർഡുകളുയർത്തി, മുദ്രാവാക്യം മുഴക്കിയാണ് എംപിമാർ നടന്നുനീങ്ങിയത്. പ്രതിപക്ഷ എംപിമാരുടെ ഐക്യം വിളിച്ചോതുന്നതായിരുന്നു പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ പ്രതിഷേധം നടത്തരുതെന്ന് കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർ ഓം ബിർള കർശന നിർദേശം നൽകിയിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു പ്രതിഷേധം.
രാഹുൽ ഗാന്ധിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ എംപിമാരും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. തുടർന്ന് പാർലമെന്റിന് അകത്തേക്ക് ഇരുപക്ഷവും കയറുകയും സഭ തുടങ്ങിയതോടെ വീണ്ടും മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ലോക്സഭ പിരിഞ്ഞു. രാജ്യസഭാ നടപടികളും അവസാനിച്ചു.