ആറു മാസമായി ബിൽ പൂജ്യം; വൈദ്യുതി മോഷണം നടത്തി എസ്പി എംപി സിയാ ഉർ റഹ്മാൻ , 1.91 കോടി പിഴ
Mail This Article
സംഭൽ∙ സമാജ്‌വാദി പാർട്ടി എംപി സിയാ ഉർ റഹ്മാൻ ബർഖ് വസതിയിൽ വൈദ്യുത മോഷണം നടത്തിയതായി ആരോപണം. 1.91 കോടിയുടെ പിഴ എംപിക്ക് ചുമത്തി. ഉത്തർപ്രദേശ് വൈദ്യുത വകുപ്പാണ് പിഴ ചുമത്തിയിരിക്കുന്നത്. എംപിയുടെ വസതിയിൽ സ്ഥാപിച്ച രണ്ട് ഇലക്ട്രിക് മീറ്ററുകളിൽ കേടുപാടുകൾ വരുത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വ്യാഴാഴ്ച മീറ്റർ റീഡിങ്ങും എസി ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുന്നത് പരിശോധിക്കുന്നതിനുമായി വകുപ്പ് അധികൃതർ എംപിയുടെ വസതി സന്ദർശിച്ചിരുന്നു. പരിശോധനയിലാണ് വൈദ്യുത മോഷണം കണ്ടെത്തിയത്. 2 കിലോവാട്ടിന്റെ കണക്ഷനാണ് എംപി എടുത്തിട്ടുള്ളത്. എന്നാൽ ലോഡ് വരുന്നത് 16.5 കിലോവാട്ടാണ്.
വസതിയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിലൂടെയാണ് കൂടുതൽ വൈദ്യുതി എടുക്കുന്നതെന്നും എംപിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ പരിശോധനയിൽ സോളാർ പാനലുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയതെന്ന് വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ആറു മാസമായി എംപിയുടെ വസതിയിലെ വൈദ്യുത ബിൽ പൂജ്യമായിരുന്നു.
വൈദ്യുത മോഷണ നിരോധന നിയമത്തിലെ 136ാം വകുപ്പുപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിച്ചു. ജില്ലാ വൈദ്യുത സമിതിയുടെ ചെയർമാനാണ് എംപി.