വധശ്രമക്കേസിൽ ഹാജരാകാനെത്തി; പ്രതിയെ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി ഏഴംഗസംഘം
Mail This Article
തിരുനെൽവേലി∙ തമിഴ്‌നാട്ടിൽ കോടതിക്കു മുന്നിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലി ജില്ലാ കോടതിക്കു മുന്നിൽ വച്ചാണ് ആളുകൾ നോക്കിനിൽക്കെ ഏഴംഗസംഘം മായാണ്ടി (38) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെൽവേലി സിറ്റി പൊലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന വെട്ടുകത്തി, പ്രതികൾ സഞ്ചരിച്ചിരുന്ന കാർ എന്നിവയും പൊലീസ് കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരുനെൽവേലി കീലാനത്തം സ്വദേശിയാണു മായാണ്ടി. ഇയാൾ രാജാമണി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാനാണു മായാണ്ടി ജില്ലാ കോടതിയിൽ എത്തിയത്. എന്നാൽ കോടതിയിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ വെട്ടിവീഴ്ത്തുകായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മായാണ്ടിയെ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. കോടതിക്കു മുന്നിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം.
മായാണ്ടിയുടെ നിലിവളി കേട്ടു കോടതിക്കുള്ളിൽനിന്നു പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് എഎസ്ഐ ഉയ്‌ക്കാട്ടൻ ഇവരുടെ കാർ പിന്തുടർന്നു. വൈകാതെ പ്രതികളിലൊരാളെ പിടികൂടി. ഇയാളിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മൂന്നു പേരെയും പിടികൂടിയത്. സംഭവസ്ഥലം സന്ദർശിച്ച തിരുനെൽവേലി സിറ്റി പൊലീസ് കമ്മിഷണർ രൂപേഷ് കുമാർ മീണ രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
പട്ടാപകൽ കോടതിക്കു മുന്നിലുണ്ടായ കൊലപാതകത്തിൽ അഭിഭാഷകരും കോടതി ജീവനക്കാരും പ്രതിഷേധിച്ചു. കോടതിക്കു മുന്നിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. രാജാമണി കൊലക്കേസിനുള്ള പ്രതികാരമാണോ മായാണ്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.