എംഎസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർത്തി: കേസെടുത്ത് ക്രൈംബ്രാഞ്ച്; തട്ടിപ്പ് അടക്കം 7 വകുപ്പുകൾ
Mail This Article
കോഴിക്കോട് ∙ പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻസ് ചോർത്തിയെന്ന് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
എംഎസ് സൊല്യൂഷൻസിന് എതിരായ തെളിവുകൾ അധ്യാപകർ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. മുൻ പരീക്ഷകളിലെ ചോദ്യക്കടലാസുകളും ചോർന്നെന്ന് വ്യക്തമാക്കുന്ന തെളിവുകൾ വിവിധ വിഷയങ്ങളുടെ അധ്യാപകർ തന്നെയാണു നൽകിയത്. മുൻ പരീക്ഷകളിൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ പ്രവചിക്കുകയായിരുന്നുവെന്ന എംഎസ് സൊലൂഷൻസിന്റെ വാദത്തിനിടെയാണ് മുൻ പരീക്ഷകളിൽ ഒരിക്കലും വരാത്ത ചോദ്യങ്ങൾ പോലും ഷുഹൈബ് പ്രവചിച്ചവയിൽപ്പെടുന്നുവെന്ന് അധ്യാപകർ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
എംഎസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും അന്വേഷണ പരിധിയിൽ വരും. വിദ്യഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് അറിയാൻ വിശദ അന്വേഷണവും നടത്തും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സെന്ററുകളെയും അന്വേഷണസംഘം നിരീക്ഷിക്കുന്നതായാണു വിവരം.