‘ഞാൻ നിരപരാധി, കുറ്റം ചെയ്തിട്ടില്ല’: ജോർജ് കുര്യനെ കേൾക്കാതെ കോടതി; കൂറുമാറിയിട്ടും നിർണായകമായി വാട്സാപ് സന്ദേശങ്ങൾ
Mail This Article
കോട്ടയം∙ അമ്മാവനെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നരവർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണ വേളയിൽ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികൾ കൂറുമാറിയിരുന്നു. എന്നാൽ പ്രധാന സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്. കൂടാതെ കൊലപാതകത്തിനു മുൻപു പ്രതി അയച്ച വാസാപ് സന്ദേസങ്ങളും നിർണായക വഴിത്തിരിവായി.
2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂർത്തിയായത്. 2022 മാർച്ച് ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ‘‘ഞാന്‍ നിരപരാധിയാണ്, കുറ്റംചെയ്തിട്ടില്ല, പ്രായമായ അമ്മയെ നോക്കണം, എന്റെ ഭാര്യയെയും മക്കളെയും നോക്കണം, പരമാവധി ശിക്ഷ ഒഴിവാക്കി ദയവുണ്ടാകണം.’’ – ജോർജ് കുര്യൻ അവസാനമായി കോടതിയോട് പറഞ്ഞത് ഇക്കാര്യമാണ്. എന്നാൽ പ്രതിയുടെ മറുപടി രേഖപ്പെടുത്തിയ ശേഷം കോടതി പ്രോസിക്യൂഷനു ശിക്ഷയിന്‍മേലുള്ള വാദത്തിന് അനുമതി നല്‍കുകയായിരുന്നു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേട്ടുകേള്‍വിയില്ലാത്തതും, മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂരമായ കൊലപാതകവുമാണിത്. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് മുന്‍കേസുകളിലെ വിവിധ സുപ്രീം കോടതി വിധികള്‍ നിരത്തി പ്രോസിക്യൂഷന്‍ വാദിച്ചു. കൊല്ലപ്പെട്ട രഞ്ജുവിന്റെ ഭാര്യയ്ക്കും വിദ്യാര്‍ഥികളായ മക്കള്‍ക്കും പരമാവധി നഷ്ടപരിഹാരം പ്രതിയില്‍നിന്ന് ഈടാക്കിനല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാല്‍ പ്രതി കുറ്റംചെയ്തിട്ടില്ലെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്വത്ത് തര്‍ക്കത്തില്‍ മൂന്ന് പേര്‍വരെ കൊല്ലപ്പെട്ട നിരവധി കേസുകളുണ്ട്. അതിനാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പരമാവധി കുറഞ്ഞശിക്ഷ നല്‍കണം. വെറും ജീവപര്യന്തത്തിനുള്ള കുറ്റം മാത്രമാണുണ്ടായിട്ടുള്ളതെന്നും സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടി ശിക്ഷ പരമാവധി കുറച്ചുകിട്ടണമെന്നും പ്രതിഭാഗവും വാദിച്ചു. പ്രതിക്ക് സംഭവത്തില്‍ പശ്ചാത്താപമുണ്ട്. മാനസാന്തരത്തിനുള്ള അവസരം നല്‍കണം. ഇതിനായി കരിക്കിന്‍വില്ല കൊലക്കേസ് പരാമര്‍ശിച്ച പ്രതിഭാഗം, ആ കേസില്‍ പ്രതിക്ക് ലഭിച്ചതുപോലെയുള്ള സാഹചര്യം ജോര്‍ജ് കുര്യന് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒടുവിലാണ് കേസിൽ ഇരട്ട ജീവപര്യന്തവും പരമാവധി പിഴയും ചുമത്തിയുള്ള കോടതി വിധി ഇന്ന് പുറത്തുവരുന്നത്.
പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചുവെന്നതാണ് ശ്രദ്ധേയം. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈവശം വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.