എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദഗ്ധ മെഡിക്കൽ സംഘം
Mail This Article
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എംടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16 നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ ഐസിയുവിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലെത്തിയത്.
സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇന്ന് ആശുപത്രിയിലെത്തിയിരുന്നു. കോഴിക്കോട് മേയർ ബീന ഫിലിപ്പ്, എം.പി.അബ്ദുസമദ് സമദാനി എംപി, ഡോ. ഖദീജ മുംതാസ്, തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി.നന്ദകുമാർ എംഎൽഎ, ഡോ. എം.എൻ.കാരശ്ശേരി, രവി ഡിസി, ആലങ്കോട് ലീലാകൃഷ്ണൻ, കേരള ഭവന ബോർഡ് ചെയർമാൻ ടി.വി.ബാലൻ, സംവിധായകൻ ജയരാജ്, സിനിമ നിർമാതാവ് സുരേഷ്കുമാർ, നടൻ വി.കെ.ശ്രീരാമൻ തുടങ്ങിയവരാണ് ഇന്ന് ആശുപത്രിയിലെത്തിയത്.