നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി
Mail This Article
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയായിരുന്നു അതിജീവിത അപേക്ഷ നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിചാരണയുടെ ഇതുവരെയുള്ള നടപടികള്‍ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. വിചാരണയുടെ അവസാന ഘട്ടത്തിലുള്ള അന്തിമവാദത്തിലെ കാര്യങ്ങള്‍ ജനങ്ങൾ അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. ദിലീപ് ഉൾപ്പെടെ 9 പേർ കേസിൽ പ്രതികളായി. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടേറെ വിവാദങ്ങളും ഇതിനിടെ ഉണ്ടായി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.