‘എംടി വരും, വരാതിരിക്കില്ല; കാലം നമ്മുടെ എഴുത്തുകാരനെ പിടിച്ചുവാങ്ങി കൊണ്ടുപോകില്ല’
Mail This Article
കോഴിക്കോട്∙ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താൻ മാധ്യമങ്ങളെ കാണാതിരുന്നതെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ. കോഴിക്കോട്ട്, എംടി ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ എഴുത്തുകാരനാണ് എംടി. കോടിക്കണക്കിന് ആളുകളുടെ പ്രാർഥനയുണ്ട്. അദ്ദേഹം അതിജീവിക്കും എന്നാണ് മനസ്സ് പറയുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
‘‘നേർത്ത രീതിയിൽ അദ്ദേഹത്തിന് ബോധമുണ്ടായാൽ ഇച്ഛാശക്തിയുടെ ബലത്തിൽ തിരിച്ചുവരും. മരിച്ചെന്ന് കരുതിയ കാലത്തെ അത്ഭുതകരമായാണ് അദ്ദേഹം അതിജീവിച്ചത്. അതു കഴിഞ്ഞിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. അപകടത്തിൽ നിന്നുവരെ രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ആരോഗ്യനില ഗുരുതരമായ ശേഷം രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ അങ്ങനെയല്ലായിരുന്നു. രാവിലെ കണ്ട പോസിറ്റീവ് സിഗ്നൽ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ്. എംടി വരും, വരാതിരിക്കില്ല.’’ – ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
ആത്മഹത്യ ചെയ്യാൻ പോയ ആളുകൾ വരെ എംടിയുടെ കൃതികൾ വായിച്ചു തിരികെ വന്നിട്ടുണ്ട്. കാലം നമ്മുടെ എഴുത്തുകാരനെ പിടിച്ചുവാങ്ങി കൊണ്ടുപോകില്ലെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.