‘ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷം; സംഘപരിവാറിനെ അകത്തു കയറ്റാതെ എൻഎസ്എസ് ധീരമായ നിലപാടെടുത്തു’
Mail This Article
തിരുവനന്തപുരം ∙ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്നം ജയന്തി ആഘോഷത്തിലേക്ക് എൻഎസ്എസ് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഏതു നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്തു കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിന്റേതെന്നും സതീശൻ പറഞ്ഞു.
‘‘കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിനു മുൻപ് ശശി തരൂരിനെയും കെ. മുരളീധരനെയും എൻഎസ്എസ് ക്ഷണിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തിൽ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവ സഭകളുടെ പരിപാടികളിൽ ഞാൻ ഇന്നലെയും പങ്കെടുത്തു.
സമൂഹത്തിലെ ആരുമായും ഏതു കോൺഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും എനിക്ക് സന്തോഷമാണ്. കോൺഗ്രസ് ഒരു സമുദായത്തെയും മാറ്റിനിർത്തില്ല. ഇന്ത്യയിലെ മതേതരത്വം മതനിരാസമല്ല. അമിതമായി രാഷ്ട്രീയ കാര്യങ്ങളിൽ മതസംഘടനകൾ ഇടപെടരുതെന്ന് പറഞ്ഞത് സാമുദായിക വിരുദ്ധ നിലപാടല്ല. 2026ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചത്.’’– സതീശൻ പറഞ്ഞു.